കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി: ഒമാനില്‍ 18 പേരെ രക്ഷപ്പെടുത്തി

By Web TeamFirst Published Jan 16, 2020, 11:05 AM IST
Highlights

സമീപകാലത്തെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം ഒമാനില്‍ പെയ്തത്. മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. മസ്‍കത്തിലെ ചില സ്കൂളുകള്‍ ഇന്നലെ കുട്ടികള്‍ക്ക് അവധി നല്‍കിയിരുന്നു.

മസ്‍കത്ത്: ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 18 പേരെ രക്ഷപെടുത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ തന്നെ മസ്‍കത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്.

സമീപകാലത്തെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം ഒമാനില്‍ പെയ്തത്. മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. മസ്‍കത്തിലെ ചില സ്കൂളുകള്‍ ഇന്നലെ കുട്ടികള്‍ക്ക് അവധി നല്‍കിയിരുന്നു. ചില സ്കൂളുകളില്‍ ക്ലാസുകള്‍ തുടങ്ങിയ ശേഷം മഴ ശക്തമായതോടെ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചു. സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസം രാജ്യത്ത് അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ ഇന്നലെയാണ് ക്ലാസുകള്‍ ആരംഭിച്ചത്.

മഴയെ തുടര്‍ന്ന് മിക്ക വിലായത്തുകളിലും അന്തരീക്ഷ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. ജബല്‍ അല്‍ അഖ്‍ദറില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. സീബ് വിലായത്തില്‍ പെട്ട അല്‍ മവാലീഹിലാണ് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 18 പേര്‍ കുടുങ്ങിയത്. ഇവരെ സിവില്‍ ഡിഫന്‍സ് അധികൃതരെത്തി രക്ഷിക്കുകയായിരുന്നു.

click me!