സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാര്‍ അറസ്റ്റില്‍; ജോലി നല്‍കിയ പ്രവാസികളും പിടിയില്‍

By Web TeamFirst Published Sep 14, 2021, 3:30 PM IST
Highlights

സ്‍പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ജോലി ശരിയാക്കി നല്‍കുന്ന രണ്ട് പ്രവാസികളെ സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

റിയാദ്: സൗദി അറേബ്യയില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്‍തു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ പരിശോധാ വിഭാഗമാണ് ഇവരെ പിടികൂടിയത്. ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് ജോലികള്‍ നല്‍കിയ രണ്ട് പ്രവാസികളും അറസ്റ്റിലായി. നിയമ ലംഘകരായ വീട്ടുജോലിക്കാര്‍ക്ക് വാഹന സൗകര്യവും മറ്റും നല്‍‌കിയ മറ്റ് ചില പ്രവാസികളും അറസ്റ്റിലായിട്ടുണ്ട്.

സ്‍പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ജോലി ശരിയാക്കി നല്‍കുന്ന രണ്ട് പ്രവാസികളെ സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ന്നാണ് ഇവരെയും 18 വീട്ടുജോലിക്കാരെയും അറസ്റ്റ് ചെയ്‍തത്. ഒരു കോണ്‍ട്രാക്ടിങ് സ്ഥാപനത്തിന്റെ സഹായത്തോടെ ഈ വീട്ടുജോലിക്കാരെ മറ്റ് സ്ഥാപനങ്ങളിലും കമ്പനികളിലും ക്ലീനിങ് ജോലികള്‍ക്ക് നിയോഗിക്കുന്നതായിരുന്നു രീതി. പാര്‍ട്‍ടൈം അടിസ്ഥാനത്തിലാണ് നിയമവിരുദ്ധമായി ഇവര്‍ ജോലി ചെയ്‍തുവന്നിരുന്നത്. പിടിയിലായ എല്ലാവര്‍ക്കുമെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!