
റിയാദ്: 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. ആറാം തവണയും റിയാദ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു.
ഓൺലൈൻ സിറ്റിംഗില്‍ ജയിലിൽ നിന്ന് റഹീമും ഹാജരായിരുന്നു. കൂടാതെ റഹീമിന്‍റെ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായി. പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തിന്റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടൻ അറിയാനാകും. റഹീമിന്‍റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിംഗാണ് ഇന്ന് നടന്നത്.
സൗദി അറേബ്യയിൽ സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും റിയാദ് ജയിലിൽ തുടരുകയാണ് റഹീം. സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിൽ 2006 ഡിസംബർ 26നാണ് റഹീം ജയിലിൽ അടയ്ക്കപ്പെട്ടത്. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ റഹീം ജയിൽ മോചിതനാകൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ