തീവ്രവാദമില്ലാത്ത രാജ്യങ്ങളുടെ ആഗോളപ്പട്ടികയിൽ യു.എ.ഇയും

By Web TeamFirst Published Jan 18, 2020, 12:30 AM IST
Highlights

ഭീകരവാദപ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ 163 രാജ്യങ്ങളുടെ പട്ടികയിൽ 130-ാം സ്ഥാനമാണ് യു.എ.ഇ.ക്കുള്ളത്. ഓരോരാജ്യത്തും നടന്ന ഭീകരവാദ പ്രവർത്തനങ്ങൾ, ആക്രമണങ്ങൾ, മരണം, മറ്റ് നാശനഷ്ടങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് സൂചിക രൂപപ്പെടുത്തിയിരിക്കുന്നത്. 

ദുബായ്: തീവ്രവാദമില്ലാത്ത രാജ്യങ്ങളുടെ ആഗോളപ്പട്ടികയിൽ യു.എ.ഇ.യും. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സ്വാധീനം ചെലുത്താൻ കഴിയാത്ത രാജ്യമാണ് യു.എ.ഇ എന്ന് ലോക ഭീകരവാദസൂചിക വ്യക്തമാക്കിയതായി  നാഷണൽ മീഡിയ കൗൺസിൽ അറിയിച്ചു.

ഭീകരവാദപ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ 163 രാജ്യങ്ങളുടെ പട്ടികയിൽ 130-ാം സ്ഥാനമാണ് യു.എ.ഇ.ക്കുള്ളത്. ഓരോരാജ്യത്തും നടന്ന ഭീകരവാദ പ്രവർത്തനങ്ങൾ, ആക്രമണങ്ങൾ, മരണം, മറ്റ് നാശനഷ്ടങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് സൂചിക രൂപപ്പെടുത്തിയിരിക്കുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ ഇറാഖ്, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്തിലുള്ളത്. പട്ടികയിൽ 130-ാം സ്ഥാനത്തുള്ള യു.എ.ഇ. അപൂർവമായി മാത്രം അനിഷ്ടസംഭവങ്ങൾ നടക്കുന്ന വിഭാഗത്തിലാണ്. 

ഭീകരവാദപ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ട ആളുകളുടെ കണക്കുകളിൽ 2018-ലേക്കാൾ 15 ശതമാനത്തിന്റെ കുറവാണ് 2019-ൽ രേഖപ്പെടുത്തിയത്. 98-ഓളം രാജ്യങ്ങളിലെ ഭീകരവാദ പ്രവർത്തനങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ട്.  ആഗോളതലത്തിൽ 38 ശതമാനം തീവ്രവാദ മരണങ്ങൾക്കും പിന്നിൽ താലിബാൻ ആണെന്നും കണക്കുകൾ പറയുന്നു. ഇതിൽ മുന്നിൽ നിൽക്കുന്ന രാജ്യം അഫ്ഗാനിസ്താനാണ്. 

ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് യു.എ.ഇ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണെന്ന് നാഷണൽ മീഡിയ കൗൺസിൽ ഡയറക്ടർ ജനറൽ മൻസൂർ അൽ മൻസൂരി പറഞ്ഞു. അഫ്ഗാനിസ്താൻ, ഇറാഖ്, നൈജീരിയ, സിറിയ, പാകിസ്താൻ, സോമാലിയ, ഇന്ത്യ, യെമൻ, ഫിലിപ്പൈൻസ്, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഭീകരവാദ പ്രവർത്തനങ്ങൾ ഏറ്റവുമധികം നാശംവിതച്ച രാജ്യങ്ങൾ.

click me!