Latest Videos

കുവൈത്തില്‍ ആദ്യ ദിനം തന്നെ കര്‍ഫ്യൂ ലംഘിച്ചത് പ്രവാസികള്‍ ഉള്‍പ്പെടെ 21 പേര്‍

By Web TeamFirst Published Mar 9, 2021, 4:55 PM IST
Highlights

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുവൈത്തില്‍ ഞായറാഴ്‍ച വൈകുന്നേരം മുതലാണ് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ പുറത്തിറങ്ങുന്നതിനാണ് നിയന്ത്രണം. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ആദ്യ ദിനം തന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 21 പേര്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 15 പേര്‍ സ്വദേശികളും ആറ് പേര്‍ പ്രവാസികളുമാണ്. കര്‍ഫ്യൂ ലംഘനത്തിന് പിടിയിലാവുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുവൈത്തില്‍ ഞായറാഴ്‍ച വൈകുന്നേരം മുതലാണ് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ പുറത്തിറങ്ങുന്നതിനാണ് നിയന്ത്രണം. ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് മാത്രമേ ഈ സമയത്ത് സഞ്ചാര അനുമതിയുള്ളൂ. രാജ്യത്തെ കൊവിഡ് വ്യാപന നിരക്ക് വലിയ തോതില്‍ ഉയര്‍ന്നത് മുന്‍നിര്‍ത്തി ഒരു മാസത്തേക്കാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 

റമദാന്‍ വ്രതാരംഭത്തിന് മുന്നോടിയായി കര്‍ഫ്യൂ പിന്‍വലിച്ചേക്കുമെന്നാണ് സൂചന.  നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. മാന്‍പവര്‍ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകള്‍, കോഓപ്പറേറ്റീവ് സ്റ്റോറുകള്‍, ഭക്ഷ്യ-പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോം ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് പരിശോധിക്കുന്നത്. 

ഹോം ഡെലിവറി ജോലികള്‍ ചെയ്യുന്ന ജീവനക്കാരുടെ ഇഖാമ പരിശോധിക്കുമ്പോള്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്ന ജോലിയല്ല ചെയ്യുന്നതെന്ന് കണ്ടെത്തിയാല്‍ അവരെ താമസകാര്യ വകുപ്പിന് കൈമാറും. ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യും. കര്‍ഫ്യൂ സമയത്ത് യാത്ര ചെയ്യാനുള്ള അനുമതികളും കര്‍ശന പരിശോധനക്ക് വിധേയമാക്കും. 

click me!