ലുലു ഗ്രൂപ്പിന്റെ 215-ാമത് ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

By Web TeamFirst Published Sep 28, 2021, 7:40 PM IST
Highlights

ഉപഭോക്താക്കൾക്കായി അതിവിശാലവും വിപുലവുമായ ഷോപ്പിംഗ് അനുഭവം  നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.  

ദോഹ: ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു. ദോഹ അബു സിദ്രയിലെ അബു സിദ്ര മാളിലാണ് ഗ്രൂപ്പിന്റെ 215-മത്തേതും ഖത്തറിലെ പതിനഞ്ചാമത്തേതുമായ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ  വ്യവസായ പ്രമുഖൻ  ശൈഖ് ജാസിം മുഹമ്മത് അൽ താനി, ഹുസൈൻ ഇബ്രാഹിം അൽ അൻസാരി, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

രണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം ചതുരശ്രയടി വിസ്‍തീർണ്ണത്തിൽ പണിത അതിവിശാലമായ ഹൈപ്പർ മാർക്കറ്റിൽ  ആധുനിക രൂപകല്പനയിലുള്ള ന്യൂട്രൽ കളർ ഫിക്സ്ചറുകൾ, സമകാലികമായ ശൈലി, ഏറ്റവും മികച്ച വെളിച്ച സംവിധാനം തുടങ്ങിയവ സംയോജിപ്പിച്ചാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

ഉപഭോക്താക്കൾക്കായി അതിവിശാലവും വിപുലവുമായ ഷോപ്പിംഗ് അനുഭവം  നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.  ഗൾഫ് രാജ്യങ്ങൾ  കൊവിഡിന്റെ വെല്ലുവിളികൾ അതിജീവിച്ച്  വ്യാപാര-വാണിജ്യ രംഗങ്ങളടക്കം എല്ലാ മേഖലകളിലും പുത്തനുണർവിന്റെ പാതയിലാണ്. ഇത് ഗൾഫ് ഭരണാധികാരികളുടെ ഭരണനേതൃത്വത്തിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഫലമായാണെന്നും യൂസഫലി പറഞ്ഞു.

ഏറെ പ്രത്യേകതകളുള്ള ഹൈപ്പർമാർക്കറ്റ്
ഭക്ഷ്യവസ്തുക്കൾ ഒട്ടും തന്നെ പാഴാക്കാതെയുള്ള സീറോ വേസ്റ്റ് റീ ഫിൽ സ്റ്റേഷൻ, പ്രശസ്‍തരായ പാചക വിദഗ്ധർ നേരിട്ട് ക്ലാസ്സുകൾ എടുക്കുന്ന ലുലു കുക്കിംഗ് സ്കൂൾ, സവിശേഷമായ തേനുകൾ ലഭ്യമാകുന്ന ഹണി സ്റ്റേഷൻ, മാംസ ഗുണത്തിന് തുല്യമായ സസ്യോൽപ്പന്നങ്ങളിലൂടെ മാംസ രഹിത ഭക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകിയുള്ള വെഗൻ ബുച്ചറി സ്റ്റേഷൻ - Planet Y എന്നിവ അബു സിദ്ര ലുലു ഹൈപ്പർമാർക്കറ്റിലെ പ്രത്യേകതകളാണ്. വെഗാൻ ബുച്ചറി സ്റ്റേഷൻ ആരംഭിക്കുന്ന ആദ്യത്തെ ഹൈപ്പർ മാർക്കറ്റ് കൂടിയാണിത്. ഇത്‌ കൂടാതെ രണ്ടായിരത്തിലധികം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുള്ള അതിവിശാലമായ ഹൈപ്പർ മാർക്കറ്റ് എന്ന പ്രത്യേകതയും അബു സിദ്രയിലെ ലുലു ഹൈപ്പർ മാർക്കറ്റിനുണ്ട്.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു എക്സ്ചേഞ്ച് സി.ഇ.ഒ. അദീബ് അഹമ്മദ്.  ലുലു ഖത്തർ റീജിയണൽ ഡയറക്ടർ എം.ഒ. ഷൈജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

"

click me!