സാമ്പത്തിക ബാധ്യതകളില്‍പ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന 220 പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

By Web TeamFirst Published May 27, 2019, 1:03 AM IST
Highlights

സാന്പത്തിക ബാധ്യതകൾ തീർക്കാൻ ബാങ്ക് മസ്‌കറ്റുമായി ഒമാൻ ലോയേഴ്സ് അസോസിയേഷൻ കരാർ ഒപ്പുവച്ചു. ഒമാനി ലോയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതലാണ് ഫാക് കുർബാ പദ്ധതി തുടങ്ങിയത്.
 

മസ്കറ്റ്: സാന്പത്തിക ബാധ്യതകളിൽ പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 220 പേർക്ക് "ഫാക് കുർബാ" പദ്ധതിയിലൂടെ റംസാൻ മാസത്തിൽ മോചനം സാധ്യമാകുന്നു. ഇവരുടെ സാന്പത്തിക ബാധ്യതകൾ തീർക്കാൻ ബാങ്ക് മസ്‌കറ്റുമായി ഒമാൻ ലോയേഴ്സ് അസോസിയേഷൻ കരാർ ഒപ്പുവച്ചു. ഒമാനി ലോയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതലാണ് ഫാക് കുർബാ പദ്ധതി തുടങ്ങിയത്.

സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപെട്ടു ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നവർക്ക്‌ രണ്ടാമത് ഒരു അവസരം കൂടി ഉണ്ടെന്ന നിലപാടിൽ ആണ് ഫാക് കുര്‍ബ പദ്ധതി ഒമാൻ ലോയേഴ്സ് അസോസിയേഷൻ ആരംഭിച്ചത്.

ബാധ്യതകൾ തീർപ്പാക്കാതെ നിലനിന്നിരുന്ന 220 കേസുകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന കരാറിലാണ് ബാങ്ക് മസ്കറ്റ് - ലോയേഴ്സ് അസോസിയേഷനുമായി കരാറിൽ ഒപ്പു വെച്ചത്. ചെറിയ പെരുനാളിനു മുൻപായി ഇവർക്കുള്ള മോചനം സാധ്യമാക്കുവാനാണ് സംഘാടകർ ലക്ഷ്യം വയ്ക്കുന്നത്.

വിവിധ തരത്തിൽ സാമ്പത്തിക ബാധ്യതകളിൽ അകപെട്ടവർക്കു ഫാക് കുർബായിലൂടെ സഹായമെത്തിക്കുവാൻ രണ്ടാമത്തെ വർഷവും കഴിഞ്ഞതിൽ സംതൃപ്തി ഉണ്ടെന്നു ബാങ്ക് മസ്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് വലീദ് ബിൻ ഖമീസ് അൽ ഹഷാർ പറഞ്ഞു. ഒമാൻ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തിൽ ലോയേഴ്സ് അസോസിയേഷൻ നടത്തിവരുന്ന ഫാക് കുർബാ പദ്ധതിയിലൂടെ ഇതിനകം 1715 പേർക്ക് മോചനം ലഭിച്ചു കഴിഞ്ഞതായി സംഘാടകർ വ്യക്തമാക്കി. നൂറിലധികം അഭിഭാഷകരാണ് ഫാക് കുർബാ പദ്ധതിക്കായി സന്നദ്ധ സേവനം നടത്തി വരുന്നത്. 
 

click me!