ഖത്തറില്‍ ഒറ്റ ദിവസം 238 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; എല്ലാവരും പ്രവാസികള്‍

By Web TeamFirst Published Mar 11, 2020, 11:15 PM IST
Highlights

കഴിഞ്ഞ ഞായറാഴ്ച മൂന്ന് പ്രവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരോടൊപ്പം ഒരേ സ്ഥലത്ത് താമസിച്ചിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരില്‍ 238 പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ദോഹ: ഖത്തറില്‍ ഒറ്റദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 262 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ച എല്ലാവരും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച മൂന്ന് പ്രവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരോടൊപ്പം ഒരേ സ്ഥലത്ത് താമസിച്ചിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരില്‍ 238 പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെയെല്ലാം നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നതിനാല്‍ പൊതുജനങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എത്രപേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളതെന്ന് വ്യക്തമല്ല.

അതേസമയം നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയ കൂടുതല്‍ പേര്‍ക്ക് ഇനിയും വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇവരെല്ലാം ഇപ്പോള്‍ തന്നെ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ഇവര്‍ക്കെല്ലാം മതിയായ ചികിത്സ നല്‍കുന്നുണ്ടെന്നും അറിയിച്ചു.

click me!