യുഎഇയിൽ പൊതു മേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അധികൃതർ. വ്യാഴം, വെള്ളി, ശനി, ഞായർ ഉൾപ്പെടെ തുടർച്ചയായി നാല് ദിവസത്തെ അവധി ജീവനക്കാർക്ക് ലഭിക്കും.

ദുബായ്: ദുബായിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായുള്ള ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച് 19 വ്യാഴാഴ്ച മുതൽ അവധി ആരംഭിക്കുമെന്ന് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മാർച്ച് 19, വ്യാഴാഴ്ച മുതൽ മാർച്ച് 23, തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാഴം, വെള്ളി, ശനി, ഞായർ ഉൾപ്പെടെ തുടർച്ചയായി നാല് ദിവസത്തെ അവധി ജീവനക്കാർക്ക് ലഭിക്കും. റമദാൻ മാസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം എത്തുന്ന ചെറിയ പെരുന്നാൾ ആഘോഷിക്കാൻ പ്രവാസികൾക്കും സ്വദേശികൾക്കും ഈ നീണ്ട അവധി സൗകര്യപ്രദമാകും.

ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഒമാൻ

ഒമാനിലെ പൊതു-,സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങി. മാർച്ച് 19 വ്യാഴാഴ്ച മുതൽ (ഹിജ്റ വർഷം 1447-ലെ റമദാൻ 29-ാം തീയതി) അവധി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമായ ഈ അവധിക്ക് ശേഷം മാർച്ച് 24 ചൊവ്വാഴ്ച മുതൽ ഔദ്യോഗിക പ്രവർത്തി ദിവസം വീണ്ടും ആരംഭിക്കും. റമദാനിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി കുടുംബസമേതം സമയം ചെലവഴിക്കാനുള്ള അവസരമാണ് ഈ അവധിയിലൂടെ ജീവനക്കാർക്ക് ലഭിക്കുന്നത്. മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിച്ച് ആഘോഷ ദിനത്തിന്റെ അന്തിമ തീയതി സ്ഥിരീകരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.