
മനാമ: തനിക്കെതിരെ നിരന്തരം വ്യാജ കേസുകള്‍ കെട്ടിച്ചമച്ചുണ്ടാക്കുകയാണെന്നും അതുകൊണ്ടുതന്നെ തന്നെ വധശിക്ഷയ്ക്ക് വിധിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ട് 24കാരന്‍. വാഹനത്തില്‍ നിന്ന് ജനങ്ങള്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞെന്ന കുറ്റത്തിന് അറസ്റ്റിലായ യുവാവിനെ ബഹ്റൈനിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം വിചിത്രമായ ആവശ്യം ഉന്നയിച്ചത്.
ജൂണ്‍ 25ന് എകറില്‍ നിന്നാണ് സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി കണ്ണീര്‍ വാതക ഷെല്ലുകള്‍ സൂക്ഷിച്ചതിന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ 'തന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല' എന്നായിരുന്നു കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ പറഞ്ഞത്. 'എനിക്ക് വധശിക്ഷ നല്‍കണം. എല്ലാ മാസവും പുതിയ പുതിയ കേസുകള്‍ തനിക്കെതിരെ ചുമത്തപ്പെടുകയാണ്. ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ വാഹനത്തില്‍ കൊണ്ടുപോയി ജനങ്ങള്‍ക്കെതിരെ പ്രയോഗിച്ചുവെന്നതാണ് ഇപ്പോഴത്തെ കുറ്റം, നേരത്തെ തീവ്രവാദ കുറ്റത്തിന് പിടിയിലായി. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ആരാണ് ഈ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതെന്നും അറിയില്ലെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ യുവാവ് ഇത്തരം പ്രവൃത്തികളില്‍ നേരത്തെയും ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കണ്ണീര്‍ വാതക ഷെല്ലുകളില്‍ നിന്ന് ഇയാളുടെ വിരലടയാളം ലഭിച്ചുവെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം കുറ്റം ആരോപിക്കപ്പെടുന്ന ദിവസം യുവാവ് മറ്റൊരു കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണ് അഭിഭാഷകന്‍ വാദിച്ചത്. കേസില്‍ തിങ്കളാഴ്ച അന്തിമവാദം നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam