
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി വൻതോതിൽ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തിയ കേസിൽ 26 വയസ്സുള്ള യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഏഷ്യൻ രാജ്യത്ത് നിന്ന് ദുബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ പതിവ് പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഗേജിൽ സംശയം തോന്നുകയായിരുന്നു. വിശദമായ പരിശോധനയിൽ യുവാവിന്‍റെ സ്യൂട്ട്കേസിന്‍റെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ വ്യക്തിഗത ഉപയോഗത്തിനായി കണക്കാക്കാവുന്നതിലും കൂടിയ അളവിലായിരുന്നു. അതിനാല്‍ തന്നെ ലഹരിക്കടത്താണ് ഇയാള്‍ ലക്ഷ്യമിട്ടത്. ലഹരി കടത്താനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് ഫോറൻസിക് പരിശോധനകളും, ലഹരി ഒളിപ്പിച്ച രീതിയും സൂചിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരിവസ്തുക്കൾ സ്വന്തം ഉപയോഗത്തിനുള്ളതാണെന്ന് ഇയാൾ ആദ്യം അവകാശപ്പെട്ടിരുന്നു.
പ്രതിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോടതി നടപടികളിൽ ആത്മാർത്ഥമായ പശ്ചാത്താപം പ്രകടിപ്പിച്ചതായും കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും, മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നത് പൊതു സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും ലഘുവായി കാണാനാവില്ലെന്നും ജഡ്ജിമാർ വ്യക്തമാക്കി. ലഹരിവസ്തുക്കൾ ഇറക്കുമതി ചെയ്യുകയും കൈവശം വെക്കുകയും ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയെ 10 വർഷം തടവിനും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.
മാസങ്ങൾ മാത്രം മുമ്പാണ് യുവാവ് വിവാഹിതനായത്. കോടതി വിധി അറിഞ്ഞ് യുവാവിന്‍റെ ഭാര്യയും കുടുംബവും ഞെട്ടിയിരിക്കുകയാണ്. മികച്ച അക്കാദമിക് പശ്ചാത്തലവും നല്ല ഭാവിയുമുള്ള മാതൃകാ യുവാവായിരുന്നു ഇയാളെന്നാണ് കുടുംബം കോടതിയിൽ അറിയിച്ചത്. കുടുംബാംഗങ്ങൾ വിധിയിൽ അതീവ ദുഃഖം രേഖപ്പെടുത്തി. മയക്കുമരുന്നിനോട് രാജ്യത്ത് സീറോ ടോളറൻസ് നയമാണ് ഉള്ളതെന്നും നിയമലംഘകർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നും ദുബൈ അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. യാത്രക്കാരുടെ കൈവശം ചെറിയ അളവിൽ കണ്ടെത്തിയാൽ പോലും കഠിനമായ പിഴയും ദീർഘകാല തടവുശിക്ഷയും ലഭിച്ചേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ