
ദുബൈ: യുഎഇയില്‍ റേഞ്ച് റോവര്‍ കാര്‍ മോഷ്ടിച്ച പ്രവാസി യുവാവ് മദ്യ ലഹരിയില്‍ അതേ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയതോടെ അറസ്റ്റിലായി. ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് എതിര്‍വശത്ത് പാര്‍ക്ക് ചെയ്‍തിരുന്ന വാഹനമാണ് ഇയാള്‍ മോഷ്ടിച്ചത്. ഡോര്‍ ലോക്ക് ചെയ്യാതെ കീ അകത്തു വെച്ച ശേഷം ഉടമ പുറത്തുപോയ സമയത്തായിരുന്നു ഇയാള്‍ കാറുമായി കടന്നുകളഞ്ഞത്.
മദ്യലഹരിയില്‍ വാഹനം ഓടിക്കവെ മറ്റൊരു കാറിലിടിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പൊലീസ് ഈ വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനം ഓടിച്ചിരുന്നയാള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. കാറുടമയായ സ്‍ത്രീയെ അപകടത്തിന് ശേഷം ദുബൈ പൊലീസ് ബന്ധപ്പെട്ടു. അവരുടെ ഉടമസ്ഥതയിലുള്ള വാഹനം റോഡ് അപകടത്തില്‍പെട്ടുവെന്നും കാര്‍ ഏറ്റു വാങ്ങാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തണമെന്നുമായിരുന്നു അറിയിപ്പ്.
എന്നാല്‍ താന്‍ തന്റെ വാഹനം ആര്‍ക്കും കൊടുത്തിട്ടില്ലെന്നായിരന്നു യുവതിയുടെ മറുപടി. കാര്‍ ലോക്ക് ചെയ്യാതെ കീ വാഹനത്തിനുള്ളില്‍ വെച്ച ശേഷം വീട്ടിലേക്ക് കയറുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പൊലീസിന്റെ ഫോണ്‍ കോള്‍ ലഭിച്ചതോടെ യുവതി പാര്‍ക്കിങ് ഏരിയയില്‍ പോയി പരിശോധിച്ചപ്പോള്‍ അവിടെ വാഹനം ഇല്ലെന്ന് മനസിലായതോടെ, കാര്‍ കാണാനില്ലെന്ന് കാണിച്ച് ഇവര്‍ പൊലീസില്‍ പരാതിയും നല്‍കി.
ഉടമയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ് സംഘം അന്വേഷണം നടത്തി. പാര്‍ക്കിങ് ലോട്ടിലെ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ അവിടെയെത്തി വാഹനവുമായി കടന്നുകളയുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതേ ആള്‍ തന്നെയാണ് പിന്നീട് മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതെന്നും കണ്ടെത്തി. ഇതോടെയാണ് 28 വയസുകാരനായ പ്രവാസി യുവാവ് അറസ്റ്റിലായത്.
ചോദ്യം ചെയ്‍തപ്പോള്‍ യുവാവ് കുറ്റം സമ്മതിച്ചു. മദ്യ ലഹരിയില്‍ പരിസരത്തു കൂടി നടക്കുന്നതിനിടെ ലോക്ക് ചെയ്യാത്ത റേഞ്ച് റോവര്‍ കാര്‍ കാണുകയും അതുമായി കടന്നുകളയുകയുമായിരുന്നു. എന്നാല്‍ വഴിയില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചപ്പോള്‍ കാര്‍ ഉപേക്ഷിച്ച് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടുവെന്ന് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
Read also: നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ പരിശോധന
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam