281 കമ്പനികള്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചു; അറസ്റ്റിലായത് 439 തൊഴിലാളികള്‍

By Web TeamFirst Published Jun 24, 2021, 7:00 PM IST
Highlights

പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണിവരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പ്രത്യേക സംഘം പരിശോധന നടത്തുന്നുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 281 കമ്പനികള്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി അധികൃതര്‍ കണ്ടെത്തി. നിയന്ത്രണമുള്ള സമയത്ത് ജോലി ചെയ്‍തതായി കണ്ടെത്തിയ 439 തൊഴിലാളികളെ അറസ്റ്റ് ചെയ്‍തു. ജൂണ്‍ ഒന്നു മുതല്‍ 17 വരെ നടത്തിയ പരിശോധനകളിലാണ് നടപടിയെടുത്തത്.

മാന്‍പവര്‍ പബ്ലിക് അതോരിറ്റി ഔദ്യോഗിക വക്താവും പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറുമായ ആസീല്‍ അല്‍ മസ്‍യദാണ് പരിശോധനാ വിവരങ്ങള്‍ അറിയിച്ചത്. പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണിവരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പ്രത്യേക സംഘം പരിശോധന നടത്തുന്നുണ്ട്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തിയപ്പോള്‍ 135 സ്ഥാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു. ഒരു സ്ഥാപനം മാത്രം ഇനിയും നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കാനുണ്ട്.

നിയമലംഘനങ്ങള്‍ സംബന്ധിച്ച് 22 റിപ്പോര്‍ട്ടുകള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി അധികൃതര്‍ക്ക് ലഭിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും നിയമ നടപടികള്‍ ഒഴിവാക്കാനും എല്ലാ തൊഴിലുടമകളും നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

click me!