പനിയും ന്യുമോണിയയും ബാധിച്ച് യുഎഇയില്‍ മലയാളി യുവാവ് മരിച്ചു

By Web TeamFirst Published Dec 31, 2018, 1:19 PM IST
Highlights

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ നബ്ഹാന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് തുമ്പൈ ആശുപത്രി ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ശൈഖ് അല്‍ത്താഫ് ബാഷ പറഞ്ഞു. 

അജ്‍മാന്‍: പനിയും ന്യുമോണിയയും ബാധിച്ച് മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി നബ്‍ഹാന്‍ നാസറാണ് അജ്‍മാനിലെ തുമ്പൈ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അണുബാധ മൂര്‍ച്ഛിച്ച് ശ്വാസകോശവും കരളും ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ നബ്ഹാന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് തുമ്പൈ ആശുപത്രി ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ശൈഖ് അല്‍ത്താഫ് ബാഷ പറഞ്ഞു. 10 ദിവസത്തോളമായി നബ്‍ഹാന് പനിയുണ്ടായിരുന്നെങ്കിലും അത്ര കാര്യമായെടുത്തില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പരിശോനയില്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞതായും നിര്‍ജലീകരണം സംഭവിച്ചതായുമാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.

വിശദപരിശോധനയില്‍ ശ്വാസകോശം, കരള്‍, ലിംഫ് തുടങ്ങയിയ ആന്തരിക അവയവങ്ങളില്‍ അണുബാധ സ്ഥിരീകരിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചതായും കണ്ടെത്തി. അണുബാധ രക്തത്തിലൂടെ വിവിധ അവയവങ്ങളെ ബാധിച്ച് സെ‍പ്‍സിസ് എന്ന അവസ്ഥയിലെത്തിയെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. കുവൈറ്റില്‍ ജനിച്ചുവളര്‍ന്ന് നബ്‍ഹാന്‍ രണ്ട് വര്‍ഷം മുമ്പാണ് ജോലി ആവശ്യാര്‍ത്ഥം യുഎഇയിലെത്തിയത്. അവിവാഹിതനാണ്.

കടപ്പാട്: ഖലീജ് ടൈംസ്

click me!