
മസ്കറ്റ്: മൂന്നു ലക്ഷത്തോളം ഒമാൻ സ്വദേശികൾ "ഇന്ധനസബ്സിഡിക്കായി" അപേക്ഷിച്ചതായി ഒമാൻ ഇന്ധനവില നിർണയ സമതി അറിയിച്ചു. താഴ്ന്ന വരുമാനക്കാരായ സ്വദേശികൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കുവാൻ ആണ് ഒമാൻ സർക്കാർ സ്വദേശികൾക്കായി സബ്‌സിഡി അനുവദിച്ചിരിക്കുന്നത്.
പെട്രോൾ വിലയിൽ 88 % വർധനവാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഒമാൻ വിപണിയിൽ രേഖപെടുത്തിയത് . തൊള്ളായിരത്തി അമ്പതു ഒമാനി റിയാലിനു താഴെ മാസവരുമാനമുള്ള പതിനെട്ട് വയസിനു മുകളിൽ പ്രായമുള്ളതുമായ സ്വദേശികൾക്കാണ് ഒമാൻ സർക്കാർ സബ്സിഡി അനുവദിച്ചിരിക്കുന്നത്. കൂടാതെ സ്വന്തം പേരിൽ വാഹനവും ഉണ്ടായിരിക്കണം.
എം 91 ഗ്രേഡ് പെട്രോൾ,സബ്‌സിഡി നിരക്കിൽ അപേക്ഷിച്ചവർക്കു ലിറ്ററിന് 180 ബൈസാ വിലയിൽ ഒരു മാസത്തിൽ ഇരുനൂറു ലിറ്റർ ലഭ്യമാകും. എം95 ഗ്രേഡ് പെട്രോളിന് ലിറ്ററിന് 225 ബൈസയും, എം 91ന് 214 ബൈസയും ഡീസലിന് 245 ബൈസയുമായിരുന്നു ജൂലൈയിലെ വിപണിയിലെ വില. ആഗസ്റ്റ് മാസവും ഈ വില തന്നെ തുടരും .
2016 ജനുവരി പതിനഞ്ചിന് ഇന്ധന സബ്‌സിഡി ഒഴിവാക്കുന്നതിന് മുൻപു വരെ സൂപ്പർ പെട്രോളിന് 120 ബൈസയും, റെഗുലർ പെട്രോളിന് 114 ബൈസയും ഡീസലിന് 146 ബൈസയും ആയിരുന്നു ലിറ്ററിന് വില. പെട്രോൾ വിലയിൽ ഏകദേശം 88 ശതമാനവും , ഡീസൽ വിലയിൽ 68 ശതമാന വര്ധനവുമാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വിപണിയിൽ ഉണ്ടായിരിക്കുന്നത്.
2018 ജനുവരി മുതൽക്കാണ് "ദേശീയ ഇന്ധനസബ്സിഡി" ഒമാൻ സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്. ഇതിനകം 282 ,585 സ്വദേശികൾ ഈ ആനുകൂല്യം പ്രയോജനപെടുത്തുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam