നിര്‍‍ദേശങ്ങള്‍ പാലിച്ചില്ല; ബഹ്റൈനില്‍ ഒരു കുടുംബത്തിലെ 31 പേര്‍ക്ക് കൊവിഡ്

By Web TeamFirst Published May 13, 2020, 5:37 PM IST
Highlights

നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ വ്യാപിക്കാന്‍ കാരണമാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് അറിയിച്ചു. 

മനാമ: മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 31 പേര്‍ക്ക് കൊവിഡ് ബാധിച്ചു. സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ ബന്ധുക്കളുടെ അടുത്ത് പോകരുതെന്നും കൂട്ടം കൂടരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അത് പാലിക്കാത്തതാണ് ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ വ്യാപിക്കാന്‍ കാരണമാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് അറിയിച്ചു. രാജ്യത്ത് ഐസൊലേഷന്‍, ക്വാറന്റൈന്‍ സംവിധാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആകെയുള്ള 4257 ഐസൊലേഷന്‍ ബെഡുകളില്‍ 3330 എണ്ണം നിലവില്‍ ഉപയോഗത്തിലാണ്. 5489 പേര്‍ക്കുള്ള ക്വാറന്റൈന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും 515 എണ്ണമാണ് ഉപയോഗിക്കുന്നത്. സാഹചര്യം മാറുന്നതനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!