39 വയസായിട്ടും വീട്ടില്‍ നിന്ന് താമസം മാറുന്നില്ല; മകനെതിരെ പരാതിയുമായി അച്ഛന്‍ കോടതിയില്‍

By Web TeamFirst Published Nov 12, 2022, 7:19 PM IST
Highlights

മകന് 39 വയസായെന്നും വിവേകമുള്ളയാളും ജോലി ചെയ്‍ത് പണം സമ്പാദിക്കുന്നയാളുമാണെന്ന് പിതാവ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ വീട് അടക്കമുള്ള സ്വന്തം ചെലവുകള്‍ അയാള്‍ സ്വന്തമായി വഹിക്കേണ്ടതുണ്ടെന്നായിരുന്നു അച്ഛന്റെ വാദം. 

അബുദാബി: 39 വയസായ മകന്‍ സ്വന്തം വീട്ടിലേക്ക് താമസം മാറാന്‍ തയ്യാറാവാത്തതിനെതിരെ അച്ഛന്‍ കോടതിയില്‍. സ്വന്തമായി വീട് ഉണ്ടായിട്ടും തന്റെ വീട്ടില്‍ താമസിക്കുന്നതിനെതിരെയാണ് അച്ഛന്‍ കോടതിയെ സമീപിച്ചത്. കേസില്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം അച്ഛന് അനുകൂലമായി കോടതി വിധി പ്രസ്‍താവിച്ചു.

തന്റെ വീടിനോട് ചേര്‍ന്ന ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു വര്‍ഷങ്ങളായി മകന്‍ താമസിച്ചിരുന്നത്. മകന് സ്വന്തം നിലയില്‍ വീട് വെയ്ക്കാനുള്ള പ്രാപ്‍തിയാവുന്നത് വരെ അവിടെ താമസിക്കാന്‍ താന്‍ അനുവദിച്ചു. എന്നാല്‍ സ്വന്തമായി പുതിയ വീട് നിര്‍മിച്ചിട്ടും തന്റെ അപ്പാര്‍ട്ട്മെന്റ് ഒഴിയാന്‍ തയ്യാറാവാതെ വന്നതോടെയാണ് അച്ഛന്‍ കോടതിയെ സമീപിച്ചത്.

Read also:  മയക്കുമരുന്ന് കടത്തിന് പിടിയിലായ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

മകന് 39 വയസായെന്നും വിവേകമുള്ളയാളും ജോലി ചെയ്‍ത് പണം സമ്പാദിക്കുന്നയാളുമാണെന്ന് പിതാവ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ വീട് അടക്കമുള്ള സ്വന്തം ചെലവുകള്‍ അയാള്‍ സ്വന്തമായി വഹിക്കേണ്ടതുണ്ടെന്നായിരുന്നു അച്ഛന്റെ വാദം. എന്നാല്‍ താനിക്ക് ശാരീരിക വൈകല്യമുണ്ടെന്നും അച്ഛന്റെ വീട്ടിലാണ് കുട്ടിക്കാലം മുതല്‍ താമസിച്ചതെന്നുമായിരുന്നു മകന്റെ അഭിഭാഷകന്‍ വാദിച്ചത്.

വികലാംഗനായ മകനെ അച്ഛന്‍ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അച്ഛന്റെ വീട്ടില്‍ മകന്‍ താമസിക്കുന്നത് അഭയം നല്‍കുന്നത് പോലെ കാണാനാവില്ലെന്നും ഇയാള്‍ വാദിച്ചു. കേസ് പരിഗണിച്ച അല്‍ ഐന്‍ പ്രാഥമിക കോടതി, അച്ഛന്റെ വാദങ്ങള്‍ അംഗീകരിച്ച് മകനോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു. അച്ഛന് ഈ കേസ് നടത്താന്‍ ചെലവായ തുക കൂടി മകന്‍ വഹിക്കണമെന്നും ഉത്തരവിലുണ്ട്.

Read also: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ഹൃദയാഘാതം; അമേരിക്കന്‍ മലയാളി മരിച്ചു

click me!