
ദുബൈ: ദുബൈ എമിറേറ്റില്‍ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ യുഎഇയിലെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയതായി കണക്കുകള്‍. 2019ല്‍ ഗോള്‍ഡന്‍ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിവുറ്റ പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും അവരെ രാജ്യത്തുതന്നെ നിലനിര്‍ത്തുന്നതിനും, ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനിയോജ്യമായ രാജ്യമായി യുഎഇയെ മാറ്റാനും ലക്ഷ്യമിട്ടാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്.
തുടക്കത്തില്‍ പത്ത് വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസകള്‍, കാലാവധി കഴിയുന്ന മുറയ്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കും. നിക്ഷേപകര്‍, സംരംഭകര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്‍ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷകര്‍, മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ക്ക് ഇതിന് യോഗ്യത ലഭിക്കുന്ന തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘൂകരിച്ചു.
മാനേജര്‍മാര്‍, സിഇഒമാര്‍, ശാസ്‍ത്രം, എഞ്ചിനീയറിങ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്‍ മാനേജ്‍മെന്റ്,
ടെക്നോളജി എന്നീ രംഗങ്ങളിലെ വിദഗ്ധര്‍ എന്നിവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ അനുവദിക്കും. ഒപ്പം വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും ഗോള്‍ഡന്‍ വിസയ്‍ക്ക് അപേക്ഷിക്കാം.
ദുബൈ വിമാനത്താവളങ്ങള്‍ വഴി ഓരോ ദിവസം 1,60,000 പേരാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നതെന്ന് തിങ്കളാഴ്‍ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‍മദ് അല്‍ മറി പറഞ്ഞു. ദിവസവും ശരാശരി 60,000 സന്ദര്‍ശകരെയാണ് ദുബൈ ഇപ്പോള്‍ സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam