
അബുദാബി: യുഎഇ നിയമ നിര്‍മ്മാണ സഭയായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തി. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. നിലവില്‍ 22.5 ശതമാനമാണ് സ്ത്രീ സംവരണം. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഇത് ഇരട്ടിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.
വിവിധ രംഗങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന രാജ്യം, പാര്‍ലമെന്റിലെ വനിതാ പങ്കാളിത്തത്തിന്റെ കാര്യത്തിലും ലോക രാജ്യങ്ങളുടെ മുന്‍ നിരയിലുണ്ടാകണമെന്ന ഭരണാധികാരികളുടെ ലക്ഷ്യമാണ് പുതിയ പ്രഖ്യാപനത്തിന് പിന്നില്‍. ഇതോടെ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ പട്ടികയില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ നാലാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിരവധി പതിറ്റാണ്ടുകളെടുത്ത് മാത്രം ലോക രാജ്യങ്ങളില്‍ പലതും സ്വന്തമാക്കിയ നേട്ടത്തിലേക്കാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ യുഎഇ എത്തിയിരിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പറഞ്ഞു.
രാഷ്ട്രത്തിന്റെ വികസനത്തില്‍ സ്ത്രീയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള മഹത്തായ മുന്നേറ്റമാണിതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. രാജ്യത്തെ വിവിധ പദവികളില്‍ ഇതിനോടകം സ്ത്രീകള്‍ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് എല്ലാ വിജയവും ആശംസിക്കുന്നുവെന്നും അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam