
കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നതിനായി വലിച്ചെറിയുന്ന ചില വ്യക്തികളുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന്, വിശദീകരണവുമായി പരിസ്ഥിതി പബ്ലിക് അതോറിറ്റി. ഇത്തരം പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിക്കുന്നതാണെന്ന് അതോറിറ്റി വ്യക്തമാക്കി. 2014-ലെ പരിസ്ഥിതി സംരക്ഷണ നിയമം നമ്പർ 42, 2015-ലെ നിയമം നമ്പർ 99 എന്നിവ പ്രകാരം, മാലിന്യങ്ങൾ നിശ്ചിത കണ്ടെയ്‌നറുകളിൽ അല്ലാതെ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് കുറ്റകരമാണ്. നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം, ഈ നിയമം ലംഘിക്കുന്നവർക്ക് 500 കുവൈത്തി ദിനാർ വരെ പിഴ ചുമത്താവുന്നതാണ്.
ഭക്ഷണം അലക്ഷ്യമായി വലിച്ചെറിയുന്നത് നിയമ ലംഘനം മാത്രമല്ല, പൊതു ശുചിത്വത്തെയും സമൂഹത്തിന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. നിയമം പാലിക്കാനും, മാലിന്യങ്ങൾ നിശ്ചിത കണ്ടെയ്‌നറുകളിൽ മാത്രം നിക്ഷേപിക്കാനും അതോറിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. ഇത് പിഴകളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്നതിനൊപ്പം കുവൈത്തിലെ പരിസ്ഥിതിയെ സംരക്ഷിക്കാനും സഹായിക്കുമെന്നും അധികൃതർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ