സൗദിയിൽ 5,067 മയക്കുമരുന്ന് കച്ചവടക്കാർ അറസ്റ്റിലായി

By Web TeamFirst Published Dec 11, 2019, 10:12 AM IST
Highlights

കർശന നിരീക്ഷണത്തിലൂടെ ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തി അടച്ചുപൂട്ടുകയും ഉത്തരവാദികളെ പിടികൂടി കടുത്ത ശിക്ഷാനടപടികൾക്ക് വിധേയമാക്കുകയും ചെയ്തുവരികയാണ്. മയക്കുഗുളികകൾ, ഹഷീഷ്,  കൊക്കൈൻ,  ഹെറോയിൻ കൂടാതെ മറ്റ് പല രൂപങ്ങളിലുമുള്ള മയക്കുമരുന്നുകൾ എന്നിവയാണ് മൂന്നുമാസത്തിനിടെ പിടികൂടിയത്

റിയാദ്: മയക്കുമരുന്ന് കേസിൽ മൂന്നുമാസത്തിനിടെ സൗദി അറേബ്യയിൽ പിടിയിലായത് 5,067 ആളുകൾ. മയക്കുമരുന്ന് കടത്ത്, വിപണനം, ഉപഭോഗം, ഗതാഗതം എന്നീ വകുപ്പുകള്‍ പ്രകാരമാണ് 32 രാജ്യക്കാരായ ഇത്രയും ആളുകളെ അറസ്റ്റ് ചെയ്തതെന്ന് സൗദി നർകോട്ടിക്സ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. നിരോധിത മയക്കുഗുളിക നിർമിക്കുന്ന യന്ത്രസാമഗ്രികളടക്കം ഒരു പ്രാദേശിക നിർമാണ കേന്ദ്രം കണ്ടെത്തി അടപ്പിച്ചെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. 

ഈ കേന്ദ്രത്തിൽ നിന്ന് ധാരാളം മയക്കുഗുളികകൾ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാർ ഇപ്പോൾ ഇത്തരം യന്ത്രങ്ങളാണ് രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതെന്നും സൗദി കസ്റ്റംസിന്റെ അതിർത്തി പോസ്റ്റുകളിലെ കർശന ജാഗ്രതയും പഴുതടച്ച പരിശോധനയും മൂലം മയക്കുമരുന്ന് കടത്താൻ കഴിയാത്തതിനാൽ ബദൽ മാർഗം തേടുന്നതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മറ്റ് ആവശ്യങ്ങൾക്കുള്ളത് എന്ന വ്യാജേന ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങൾ ഉപയോഗിച്ച് രാജ്യത്ത് നിർമാണകേന്ദ്രങ്ങൾ സ്ഥാപിച്ച് ഇവിടെ തന്നെ മയക്കുഗുളികകൾ നിർമിക്കാനാണ് പുതിയ നീക്കമെന്ന് വെളിപ്പെട്ടതിനാൽ ഈ വഴികളെയും ശക്തമായി തടയുമെന്നും അവർ പറഞ്ഞു. 

കർശന നിരീക്ഷണത്തിലൂടെ ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തി അടച്ചുപൂട്ടുകയും ഉത്തരവാദികളെ പിടികൂടി കടുത്ത ശിക്ഷാനടപടികൾക്ക് വിധേയമാക്കുകയും ചെയ്തുവരികയാണ്. 54 ലക്ഷം മയക്കുഗുളികകൾ, ആറ് ടൺ ഹഷീഷ്, 1.4 കിലോ കൊക്കൈൻ, 2.9 കിലോ ഹെറോയിൻ, കൂടാതെ മറ്റ് പല രൂപങ്ങളിലുമുള്ള മയക്കുമരുന്നുകൾ എന്നിവയാണ് മൂന്നുമാസത്തിനിടെ കണ്ടെത്തിയതെന്ന് നർക്കോട്ടിക്സ് ഡയറക്ടറേറ്റ് വക്താവ് കേണൽ അബ്ദുൽ അസീസ് മുഹമ്മദ് കടാസ പറഞ്ഞു. 420 വിവിധയിനം ആയുധങ്ങളും ഒരു കോടിയിലേറെ റിയാലും മയക്കുമരുന്ന് കടത്തുകാരിൽ നിന്ന് പിടികൂടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!