Latest Videos

25 വർഷമായി പ്രവാസി, കടയിലെത്തിയ യുവാവിന്‍റെ മർദ്ദനമേറ്റ് ദാരുണാന്ത്യം; ബഷീറിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തും

By Web TeamFirst Published Jan 26, 2024, 5:07 PM IST
Highlights

കടയില്‍ നിന്ന് സാധനം വാങ്ങിയ യുവാവ് പണം നല്‍കാതെ പോകാന്‍ ശ്രമിച്ചത് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു.

കോഴിക്കോട്: ബഹ്‌റൈനില്‍ സ്വന്തം കടയില്‍വെച്ച് അക്രമിയുടെ ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീറിന്റെ(60) മൃതദേഹം നാളെ നാട്ടിലെത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചെറുകുളം ജുമുഅത്ത് പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടത്തിയ ശേഷം ചെലപ്രം ഖബര്‍സ്ഥാനില്‍ ഖബറടക്കും.

കഴിഞ്ഞ 22ന് ബഹ്‌റൈന്‍ റിഫയിലെ ഹാജിയാത്തിലുള്ള തന്‍റെ കോള്‍ഡ് സ്‌റ്റോറില്‍ വച്ചാണ് ബഷീറിന് അതിക്രൂരമായി മര്‍ദ്ദനമേറ്റത്. കടയില്‍ നിന്ന് സാധനം വാങ്ങിയ യുവാവ് പണം നല്‍കാതെ പോകാന്‍ ശ്രമിച്ചത് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു. യുവാവ് മാരകമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ബോധരഹിതനായി വീണ ബഷീറിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം വെന്റിലേറ്ററിലായിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

25 വര്‍ഷമായി ബഹ്‌റൈനില്‍ കോള്‍ഡ് സ്‌റ്റോര്‍ നടത്തി വരികയായിരുന്നു ബഷീര്‍. ഭാര്യ: ഖൈറുന്നീസ, മക്കള്‍: ഫബിയാസ്, നിഹാല്‍, നെഹല. ഇന്ത്യൻ എംബസി അധികൃതരും കെഎംസിസിയും ചേർന്നു നടത്തിയ ഇടപ്പെടലുകളെ തുടർന്ന്  ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായാണ് ലഭിക്കുന്ന വിവരം.

Read More : ബെംഗളൂരുവിൽ മലയാളി നഴ്സറി വിദ്യാർത്ഥിനി മരിച്ച സംഭവം; സ്കൂൾ പ്രിൻസിപ്പൽ ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്

tags
click me!