ആറ് മാസത്തെ വിസയില്‍ യുഎഇയില്‍ താമസിക്കുന്നവര്‍ രാജ്യം വിട്ടാല്‍ വിസ റദ്ദാവും

By Web TeamFirst Published Nov 13, 2018, 10:37 AM IST
Highlights

താല്‍ക്കാലിക വിസയിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ രാജ്യത്തിന് പുറത്ത് പോയി മടങ്ങിവരാമെന്ന് കഴിഞ്ഞ ദിവസം ചില പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. 

അബുദാബി: യുഎഇയിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസത്തെ താല്‍ക്കാലിക വിസ നേടിയവര്‍ രാജ്യത്തിന് പുറത്തുപോയാല്‍ വിസ റദ്ദാവും. സാധാരണ തൊഴില്‍ വിസയില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും താല്‍ക്കാലിക വിസയില്‍ ലഭ്യമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അനധികൃതമായി യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നവംബര്‍ 30നകം രാജ്യം വിടാനോ അല്ലെങ്കില്‍ രേഖകള്‍ ശരിയാക്കാനോ സാധിക്കും. എന്നാല്‍ അനധികൃത താമസക്കാര്‍ ജോലി അന്വേഷിക്കുന്നതിനായി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആറ് മാസത്തെ താല്‍ക്കാലിക വിസ നല്‍കുന്നുണ്ട്. 600 ദിര്‍ഹമാണ് ഇതിന് ഫീസ് നല്‍കേണ്ടത്. ഇത്തരം വിസയില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോകാനോ മടങ്ങിവരാനോ സാധിക്കുകയില്ല. ഒരു തവണ രാജ്യം വിട്ടാല്‍ ഈ വിസ അസാധുവാകും.

താല്‍ക്കാലിക വിസയിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ രാജ്യത്തിന് പുറത്ത് പോയി മടങ്ങിവരാമെന്ന് കഴിഞ്ഞ ദിവസം ചില പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. താല്‍ക്കാലിക വിസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയല്ല. ആറ് മാസത്തിനകം പുതിയ ജോലി കണ്ടെത്തി തൊഴില്‍ വിസയിലേക്ക് മാറണം. ആറ് മാസത്തിനകം ജോലി ലഭിച്ചില്ലെങ്കില്‍ താല്‍ക്കാലിക വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാനാവില്ല. കാലാവധി പൂര്‍ത്തിയായാല്‍ രാജ്യത്ത് നിന്ന് മടങ്ങണം. പിന്നീട് ആവശ്യമെങ്കില്‍ പുതിയ സന്ദര്‍ശക വിസയില്‍ മാത്രമേ മടങ്ങിയെത്താനാവൂ.

രാജ്യത്ത് ഇനിയും അനധികൃതമായി തങ്ങുന്നവര്‍ എത്രയും വേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

click me!