യുഎഇയില്‍ തീപിടുത്തം; ഒരു കുടുംബത്തിലെ നാല് പേരടക്കം ആറ് മരണം

By Web TeamFirst Published Apr 16, 2019, 10:51 PM IST
Highlights

രണ്ട് മുറികളിലായാണ് ഇവര്‍ കിടന്നുറങ്ങിയിരുന്നത്. കടുത്ത ചൂട് അനുഭവപ്പെട്ടപ്പോഴാണ് മുഹമ്മദ് റഹീമും ഒപ്പമുണ്ടായിരുന്ന ഉമര്‍, ഹൈദര്‍ എന്നിവരും ഉണര്‍ന്നത്. ബാക്കിയുള്ളവരെക്കൂടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാളൊഴികെ ബാക്കിയെല്ലാവരും മരിച്ചത്. 

അല്‍ഐന്‍: യുഎഇയിലെ അല്‍ഐനിലുണ്ടായ തീപിടുത്തത്തില്‍ ആറ് പാകിസ്ഥാന്‍ പൗരന്മാര്‍ മരിച്ചു. ഇതില്‍ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വീട്ടിലുണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്. പുലര്‍ച്ചെ 5.53ഓടെയായിരുന്നു വില്ലയില്‍ തീപിടിച്ചത്.

തീ കത്തുന്നത് ശ്രദ്ധയില്‍പെട്ടെങ്കിലും കൃത്യസമയത്ത് പൊലീസില്‍ അറിയിക്കാതെ സ്വയം കെടുത്താന്‍ ശ്രമിച്ചതാണ് ഇത്രവലിയ അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ഫാറൂഖ് (58),  മക്കളായ ഉമര്‍ ഫാറൂഖ്, ഖുര്‍റം, ഇവരുടെ ബന്ധു അലി ഹൈദര്‍, കുടുംബ സുഹൃത്തുക്കളായ ഖയാല്‍ അഫ്ദല്‍, ഈദ് നവാസ് എന്നിവരാണ് മരിച്ചത്. ദുബായില്‍ നിന്ന് ഇവരെ സന്ദര്‍ശിക്കാനെത്തിയ മുഹമ്മദ് റഹീം (50) മാത്രമാണ് രക്ഷപെട്ടത്. ബാത്ത്റൂമിലെ അലൂമിനിയം റൂഫ് പൊളിച്ചാണ് താന്‍ പുറത്തിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ വലിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും പുകശ്വസിച്ച് ഇവരെല്ലാം അബോധാവസ്ഥയിലായതിനാല്‍ സാധിച്ചില്ല.

രണ്ട് മുറികളിലായാണ് ഇവര്‍ കിടന്നുറങ്ങിയിരുന്നത്. കടുത്ത ചൂട് അനുഭവപ്പെട്ടപ്പോഴാണ് മുഹമ്മദ് റഹീമും ഒപ്പമുണ്ടായിരുന്ന ഉമര്‍, ഹൈദര്‍ എന്നിവരും ഉണര്‍ന്നത്. ബാക്കിയുള്ളവരെക്കൂടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാളൊഴികെ ബാക്കിയെല്ലാവരും മരിച്ചത്. സമീപവാസികള്‍ അറിയിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.  അധികൃതര്‍ സ്ഥലത്തെത്തി ആറ് പേരെയും അല്‍ഐന്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു.

click me!