അബുദാബി അതിര്‍ത്തിയില്‍ ദിവസവും നടക്കുന്നത് ആറായിരത്തിലധികം കൊവിഡ് പരിശോധനകള്‍

By Web TeamFirst Published Jul 27, 2020, 11:49 PM IST
Highlights

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് കടക്കാന്‍ കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് ആവശ്യമാണ്. നേരത്തെ പരിശോധന നടത്തി റിസള്‍ട്ടുമായെത്താനുള്ള അസൗകര്യം കൂടി പരിഗണിച്ചാണ് റാപ്പിഡ് പരിശോധനയ്ക്കുള്ള സംവിധാനം ഇവിടെ സജ്ജീകരിച്ചത്. പ്രതിദിനം പതിനായിരം പരിശോധനകള്‍ നടത്താനുള്ള ശേഷിയാണ് ഈ താത്കാലിക കേന്ദ്രത്തിനുള്ളത്. 

അബുദാബി: അബുദാബി അതിര്‍ത്തിയില്‍ ദിവസവും നടക്കുന്നത് ആറായിരത്തിലധികം കൊവിഡ് പരിശോധനകള്‍. അഞ്ച് മിനിറ്റ് കൊണ്ട് ഫലം ലഭ്യമാവുന്ന ലേസര്‍ അധിഷ്ഠിത പരിശോധനാ സംവിധാനമാണ് അതിര്‍ത്തിയിലെ ചെക് പോയിന്റിന് സമീപം തയ്യാറാക്കിയിരിക്കുന്നത്. 50 ദിര്‍ഹമാണ് ഇതിന് നിരക്ക് ഈടാക്കുന്നത്.

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് കടക്കാന്‍ കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് ആവശ്യമാണ്. നേരത്തെ പരിശോധന നടത്തി റിസള്‍ട്ടുമായെത്താനുള്ള അസൗകര്യം കൂടി പരിഗണിച്ചാണ് റാപ്പിഡ് പരിശോധനയ്ക്കുള്ള സംവിധാനം ഇവിടെ സജ്ജീകരിച്ചത്. പ്രതിദിനം പതിനായിരം പരിശോധനകള്‍ നടത്താനുള്ള ശേഷിയാണ് ഈ താത്കാലിക കേന്ദ്രത്തിനുള്ളത്. വാരാന്ത്യങ്ങളില്‍ എണ്ണായിരത്തോളം പരിശോധനകള്‍ നടത്തും. സാധാരണ ദിവസങ്ങളില്‍ ശരാശരി ആറായിരം പരിശോധനകള്‍ നടത്തുന്നുണ്ടെന്നും കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. രക്ത സാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പോസ്റ്റിറ്റീവ് റിസള്‍ട്ട് ആണ് ലഭിക്കുന്നതെങ്കില്‍ തൊണ്ടയിലെ സ്രവം ശേഖരിച്ച് പരിശോധിക്കും. ഇതിന്റെ ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ കാത്തിരിക്കണം. നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്നവരെ മാത്രമേ അബുദാബിയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.

നേരത്തെ ബുക്ക് ചെയ്ത ശേഷം പരിശോധനാ കേന്ദ്രത്തിലെത്തണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. കുടുംബങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. 150ലേറെ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സാമൂഹിക അകലം പാലിച്ച് കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെയുണ്ട്. 45 ടേബിളുകളാണ് ഇവിടെയുള്ളത്. ഓരോന്നിലും രണ്ട് ടെക്നീഷ്യന്മാര്‍ വീതമുണ്ട്. കുടുംബങ്ങള്‍ക്ക് പ്രത്യേക സജ്ജീകരണവുമുണ്ട്. പരിശോധനാ ഫീസ് കാര്‍ഡ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. 15 മിനിറ്റുകൊണ്ട് എല്ലാ നടപടികളും പൂര്‍ത്തിയാക്കാനാവും. 

click me!