യുഎഇയില്‍ സ്കൂളില്‍ നിന്ന് വാക്സിനെടുത്ത ഏഴ് വയസുകാരന്‍ മരിച്ചു; അന്വേഷണം തുടങ്ങി

By Web TeamFirst Published Jan 22, 2019, 8:32 PM IST
Highlights

വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. തിങ്കളാഴ്ച സ്കൂളില്‍ നിന്ന് വന്നശേഷം കുട്ടിയ്ക്ക് പനി ബാധിക്കുകയും വൈകുന്നേരത്തോടെ തന്നെ സ്ഥിതി ഗുരുതരമായി മരണം സംഭവിക്കുകയുമായിരുന്നു. 

അജ്മാന്‍: സ്കൂളില്‍ നിന്ന് വാക്സിനെടുത്തതിന് പിന്നാലെ ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ അജ്മാന്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. സ്വദേശി ബാലനാണ് തിങ്കളാഴ്ച മരിച്ചത്. പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് തിങ്കളാഴ്ച കുട്ടിയ്ക്ക് പ്രതിരോധ വാക്സിന്‍ നല്‍കിയിരുന്നു.

വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. തിങ്കളാഴ്ച സ്കൂളില്‍ നിന്ന് വന്നശേഷം കുട്ടിയ്ക്ക് പനി ബാധിക്കുകയും വൈകുന്നേരത്തോടെ തന്നെ സ്ഥിതി ഗുരുതരമായി മരണം സംഭവിക്കുകയുമായിരുന്നു. എന്നാല്‍ സ്കൂളില്‍ പതിവായി നല്‍കുന്ന വാക്സിന്‍ തന്നെയാണ് കുട്ടിയ്ക്ക് നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.

കേസ് അന്വേഷിച്ച പൊലീസ് തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചു. കുട്ടികളുടെ സുരക്ഷ സംബന്ധമായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അധികൃതര്‍ അറിയിച്ചു.  സ്കൂള്‍ ക്ലിനിക്കുകളിലെ എല്ലാ ജീവനക്കാരും മതിയായ യോഗ്യതയും പരിശീലനവുമുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളില്‍ നിന്നാണ് അവരെ നിയമിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

click me!