സൗദിയില്‍ 70,000 ഗൃഹോപകരണങ്ങള്‍ പിന്‍വലിച്ചു; ഉപഭോക്താക്കള്‍ വീട്ടുപകരണങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം

By Web TeamFirst Published Jul 22, 2019, 6:47 PM IST
Highlights

വിവിധ കമ്പനികളുടെ എയര്‍കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, ഫ്രീസറുകള്‍ വാഷിങ് മെഷീനുകള്‍ തുടങ്ങിയവയെല്ലാം തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു. അമിതമായി വൈദ്യുതി ഉപയോഗിക്കുകയും അതുവഴി ഉപഭോക്താവിന് ഉയര്‍ന്ന വൈദ്യുത ബില്‍ ലഭിക്കാനും ഈ ഉപകരണങ്ങള്‍ കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 

റിയാദ്: അമിത ഊര്‍ജ ഉപയോഗം കണ്ടെത്തിയ 70,000 ഗൃഹോപകരണങ്ങള്‍ ഈ വര്‍ഷം പിന്‍വലിച്ചതായി സൗദി വ്യാപാര-നിക്ഷേപ മന്ത്രാലയം അറിയിച്ചു. വൈദ്യുതക്ഷമതാ മാനദണ്ഡങ്ങള്‍ പ്രകാരം ഉപകരണങ്ങളില്‍ പതിപ്പിച്ചിരിക്കുന്ന സ്റ്റിക്കറുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള അളവിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതായി കണ്ടെത്തിയ ഉപകരണങ്ങളാണ് തിരിച്ചുവിളിച്ചതെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

വിവിധ കമ്പനികളുടെ എയര്‍കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, ഫ്രീസറുകള്‍ വാഷിങ് മെഷീനുകള്‍ തുടങ്ങിയവയെല്ലാം തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു. അമിതമായി വൈദ്യുതി ഉപയോഗിക്കുകയും അതുവഴി ഉപഭോക്താവിന് ഉയര്‍ന്ന വൈദ്യുത ബില്‍ ലഭിക്കാനും ഈ ഉപകരണങ്ങള്‍ കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരിച്ചുവിളിച്ച ഉപകരണങ്ങളുടെ സീരിയല്‍ നമ്പറുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ ഉപകരണങ്ങളുടെ സീരിയല്‍ നമ്പര്‍ അതിലുണ്ടോയെന്ന് പരിശോധിക്കണം. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള സീരിയല്‍ നമ്പറിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കമ്പനിയെയോ കമ്പനിയുടെ ഏജന്റുമാരെയോ ബന്ധപ്പെട്ട് ഇവ തിരികെ നല്‍കി പണം കൈപ്പറ്റണം. അല്ലെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കുറച്ച് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന മറ്റൊരു ഉല്‍പ്പന്നം കമ്പനിയില്‍ നിന്ന് സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഗൃഹോപകരണങ്ങള്‍ തിരിച്ചുവിളിച്ചവിവരം വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രാദേശിക മാധ്യമങ്ങളിലൂടെയും പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും സൗദി ഗസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ജ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്‍പ്പന്നങ്ങള്‍ക്കെതിരെ തുടര്‍ന്നുവരുന്ന ശക്തമായ നടപടികളുടെ ഭാഗമാണിതെന്നും വിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കമ്പനികളുടെ വിവരങ്ങളും ഏജന്റുമാരുടെ ടെലിഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളും വെബ്സൈറ്റില്‍ നിന്നുലഭിക്കും.

click me!