
മക്ക: അനുമതിപത്രമില്ലാതെ എത്തിയ 76,000ലേറെ പേരെ മക്ക ചെക്ക് പോസ്റ്റിൽ നിന്ന് തിരിച്ചയച്ചു. ഹജ്ജ് സീസൺ ആരംഭിച്ചതിനാൽ സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിൽ പ്രവേശിക്കുന്നതിന് ജൂൺ 28 മുതൽ വിലക്കേർപ്പെടുത്തിയിരുന്നു. ജൂൺ 28 മുതൽ ജൂലൈ ആറു വരെയുള്ള ദിവസങ്ങളിലാണ് മക്കയിൽ പ്രവേശിക്കുന്നതിനുള്ള പ്രത്യേക അനുമതി പത്രമില്ലാതെയെത്തിയ 76,000 പേരെ ചെക്ക് പോസ്റ്റുകളിൽ നിന്ന് സുരക്ഷാ വകുപ്പ് തിരിച്ചയച്ചത്.
മക്കയിൽ പ്രവേശിക്കുന്നതിന് ലൈസൻസ് ഇല്ലാത്ത 29,000 വാഹനങ്ങളും ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു. ജൂൺ 28 മുതലാണ് സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. എന്നാൽ മക്കയിൽ നിന്ന് വിതരണം ചെയ്‌ത താമസ രേഖയുള്ളവർക്കും ഹജ്ജുമായി ബന്ധപ്പെട്ട ജോലി ആവശ്യാർത്ഥം മക്കയിൽ പോകേണ്ടവർക്കും വിലക്ക് ബാധകമല്ല.
മക്കയിൽ ജോലികൾ നിർവ്വഹിക്കുന്നതിനു കരാറെടുത്ത സർക്കാർ- സ്വകാര്യ സ്ഥാനപനങ്ങളിലെ ജീവനക്കാർക്കു മക്കയിൽ പ്രവേശിക്കുന്നതിന് അനുമതി പത്രം നൽകുമെന്ന് ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായി മക്കയിൽ പ്രവേശിക്കുന്ന വിദേശികളെ തടയുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിൽ ശക്തമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. അനുമതിപത്രമില്ലാതെ മക്കയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് 11 വരെ പ്രാബല്യത്തിലുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam