
ദുബായ്: ദുബായില്‍ ബസ്സപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. മൃതദേഹങ്ങള്‍ നാളെ നാട്ടിലേക്ക് കൊണ്ടുവരും. ഒമാനില്‍ പെരുന്നാൾ അവധി ആഘോഷിച്ച് മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്. വിവിധ രാജ്യക്കാരായ 31 പേരാണ് ബസിലുണ്ടായിരുന്നത്. ദുബായി മുഹമ്മദ് ബിന്‍ സായിദ് റോഡിലെ അല്‍ റാഷിദിയ എക്സിറ്റിലാണ് ഇന്ത്യന്‍ സൂഹത്തെ നടുക്കിയ അപകടമുണ്ടായത്. അപകടത്തില്‍ വിവിധ രാജ്യക്കാരായ 17 പേര്‍ മരിച്ചു. 12 ഇന്ത്യക്കാരില്‍ 8 പേര്‍ മലയാളികളാണ്.
തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍. തൃശ്ശൂര്‍ സ്വദേശികളായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി,വാസുദേവന്‍ കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതുയപുരയില്‍ ഗോപാലന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവശ്യമായ സംവിധാനങ്ങള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
ഇന്ത്യകാര്‍ക്കു പുറമെ ഒമാന്‍ അയര്‍ലണ്ട്, പാക്കിസ്ഥാന്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ദുബായി പോലീസിന്‍റെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ ബന്ധുക്കള്‍ക്ക് കൈമാറും. ദുബായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കയറ്റിവിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഒമാന്‍ സര്‍ക്കാരിന്‍റെ യാത്രാബസ് റാഷിദിയ മെട്രോസ്റ്റേഷന് സമീപം സൈന്‍ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ പോയി തിരിച്ചു വരുന്നവരാണ് അപകടത്തില്‍പെട്ടത്. മരിച്ച ഇന്ത്യക്കാരെല്ലാം യുഎഇയുടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam