Latest Videos

ദുബായ് അപകടം; മരിച്ചവരെല്ലാം ബസിന്റെ ഇടതുഭാഗത്തിരുന്നവര്‍, ഡ്രൈവര്‍ സൈന്‍ ബോര്‍ഡ് കണ്ടില്ലെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jun 7, 2019, 5:01 PM IST
Highlights

ഉയരം കൂടിയ വാഹനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഇവിടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഇടതുവശം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ഈ ഭാഗത്തുള്ള സീറ്റുകളില്‍ ഇരുന്നവരാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  

ദുബായ്: ദുബായില്‍ 12 ഇന്ത്യക്കാരുള്‍പ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ടുകള്‍. റാഷിദിയ മെട്രോ സ്റ്റേഷന് സമീപത്തെ എക്സിറ്റിലാണ് അപകമുണ്ടായത്. സിഗ്നല്‍ കടന്ന് മുന്നോട്ടുപോയ വാഹനം റോഡിലെ സൈന്‍ ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു.

ഉയരം കൂടിയ വാഹനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഇവിടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഇടതുവശം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ഈ ഭാഗത്തുള്ള സീറ്റുകളില്‍ ഇരുന്നവരാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  വാഹനത്തിന്റെ മുന്‍വശത്തുള്ള ഗ്ലാസില്‍ സൂര്യപ്രകാശം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ചിരുന്ന സ്ക്രീന്‍ ഉണ്ടായിരുന്നതിനാല്‍ ഉയരത്തിലെ ബോര്‍ഡ് കണ്ടില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. വാഹനം വേഗപരിധി പാലിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ 12 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. ആകെ 17 പേരാണ് അപകടത്തില്‍ മരിച്ചത്. മരണപ്പെട്ട ഇന്ത്യക്കാരില്‍ ആറ് പേര്‍ മലയാളികളാണ്.

മരണപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ കോണ്‍സുല്‍ ജനറല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കുറച്ച് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ടെന്നും അതുകൊണ്ടുതന്നെ മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഒമാനില്‍ പെരുന്നാളവധി ആഘോഷിച്ച് മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്. വിവിധ രാജ്യക്കാരായ 31 പേരാണ് ബസിലുണ്ടായിരുന്നത്.

പ്രാദേശിക സമയം വൈകുന്നേരം 5.40ഓടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷന് സമീപത്തുള്ള എക്സിറ്റിലായിരുന്നു അപകടം. ട്രാഫിക് സിഗ്നല്‍ കടന്നുമുന്നിലേക്ക് വന്ന ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നേരത്തെയും ഇവിടെ അപകടങ്ങളുണ്ടായിട്ടുള്ളതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ അപകടമായിരുന്നു കഴിഞ്ഞ ദിവസത്തേത്. സംഭവം നടന്ന ഉടന്‍ തന്നെ ദുബായ് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.

12 ഇന്ത്യക്കാരില്‍ ആറ് പേര്‍ മലയാളികളാണ്. തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, വാസുദേവന്‍,  തൃശ്ശൂര്‍ സ്വദേശികളായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി   ജമാലുദ്ദീന്‍,  കിരണ്‍ ജോണി, എന്നിവരാണ് മരിച്ച മലയാളികള്‍. ദീപക് കുമാറിന്‍റെ ഭാര്യയും മകളുമടക്കം അഞ്ചുപേര്‍ പരുക്കുകളോടെ ദുബായി റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

ഇന്ത്യക്കാർക്ക് പുറമേ ഒരു ഒമാൻ സ്വദേശി, ഒരു അയർലണ്ട് സ്വദേശി, രണ്ട് പാകിസ്ഥാൻ സ്വദേശികൾ എന്നിവരുടെ മൃതശരീരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും നിരവധി മലയാളി സാമൂഹിക പ്രവര്‍ത്തകരും ആശുപത്രിലെത്തിയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേല്‍ ജനറല്‍ വിപുല്‍ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാനെത്തിയിരുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ തുടരുന്നുണ്ട്. 

അപകടത്തെ തുടർന്ന് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദുബായില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ബസ് സർവീസുകൾ താൽകാലികമായി നിർത്തി വെക്കുന്നതായി മുവാസലാത്ത്  അധികൃതർ വ്യക്തമാക്കി. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി അധികൃതരുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനം.

click me!