811 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ സര്‍ക്കാര്‍

By Web TeamFirst Published Apr 24, 2019, 12:16 PM IST
Highlights

റോയല്‍ ഒമാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്നുള്ള സംഘം  ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 94 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 

മസ്കത്ത്: ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 811 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. രണ്ട് ഗവര്‍ണറേറ്റുകളിലെ മാത്രം കണക്കാണിത്. സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ ഊര്‍ജിത പരിശോധനകളില്‍ പിടിയിലായവരാണ് ഇവര്‍.

റോയല്‍ ഒമാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്നുള്ള സംഘം  ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 94 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ജോലി സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടിയ 309 പേരെയും തൊഴിലുടമകള്‍ പിരിച്ചുവിട്ട ശേഷം രാജ്യത്ത് തുടര്‍ന്ന 448 പേരെയും അറസ്റ്റ് ചെയ്തു. ഇതിന് പുറമെ മറ്റ് നിയമ ലംഘനങ്ങള്‍ നടത്തിയതിനാണ് 54 പേര്‍ പിടിയിലായത്.

2019ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 444 പേരെ നാടുകടത്തിയിട്ടുണ്ടെന്നും മാന്‍പവര്‍ മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാരിസ് അല്‍ റുഷ്ദി പറഞ്ഞു. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് കിട്ടുന്ന വിവരങ്ങളും പിന്തുടര്‍ന്നാണ് പരിശോധന നടത്തുന്നത്. ഒരു തൊഴിലുടമയില്‍ നിന്ന് ജോലി ഉപേക്ഷിച്ച് അനധികൃതമായി രാജ്യത്ത് തുടരുന്നവരെ ജോലിക്ക് എടുക്കുന്നതില്‍ നിന്ന് മറ്റ് സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ഫാരിസ് അല്‍ റുഷ്ദി പറഞ്ഞു. 
 

click me!