
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 238 പേരിൽ 87 പേര്‍ വിദേശികളും 151 പേര്‍ സ്വദേശികളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അതേസമയം രോഗ വ്യാപനത്തെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിലാവുകയും ചെയ്തു.
ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരിൽ 45 പേരും വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്തു ഇതുവരെ രോഗം സ്ഥിരീകരിച്ച 238 പേരിൽ 115 പേര്‍ പുരുഷന്മാരും 123 പേര്‍ സ്ത്രീകളുമാണ്. ഇതിൽ 87 പേര്‍ വിദേശികളും 151 പേര്‍ സ്വദേശികളുമാണ്. ആറു കുട്ടികളൊഴികെ ബാക്കി എല്ലാവരുടെയും ശരാശരി പ്രായം 45 ആണ്. എട്ടു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും മന്ത്രാലയ വ്യക്താവ് അറിയിച്ചു.
അതേസമയം കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ചു സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യുഷൻ അറിയിച്ചു. ഇത്തരം കുറ്റങ്ങൾക്ക് അഞ്ച് വർഷം തടവും മുപ്പത് ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. രോഗ വ്യാപനം തടയാനായി രാജ്യം അതീവ ജാഗ്രതാ നടപടികളെടുക്കുമ്പോൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
വിവിധ മേഖലകളിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പരിശോധനകളും ശക്തമാക്കിയുണ്ട്.
വിലക്ക് ലംഘിച്ചു തുറന്നു പ്രവർത്തിച്ച 497 സ്ഥാപനങ്ങൾക്ക് ജിദ്ദയിൽ നഗര സഭ പിഴ ചുമത്തി. തലസ്ഥാന നഗരിയായ റിയാദിൽ 25 കേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റി സൗജന്യമായാണ് സാനിറ്റൈസർ വിതരണം ചെയ്യുന്നത്. അതേസമയം ഈ വർഷത്തെ ബജറ്റിന്റെ അഞ്ചു ശതമാനം തുക കൊറോണ വൈറസ് വ്യാപനം മൂലം പൊതു ധനകാര്യ മേഖലയിൽ ഉണ്ടായ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഉപയോഗിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ പറഞ്ഞു.
സന്ദർശക വിസയിൽ രാജ്യത്തുള്ളവരുടെ വിസകൾ ഓൺലൈനായി പുതുക്കി നൽകുമെന്ന് സൗദി ജവാസാത്ത് അറിയിച്ചു.
ഓൺലൈൻ സേവന പോർട്ടലായ അബ്ഷീർ വഴി ഇത് പുതുക്കാം. കാലാവധി അവസാനിക്കുന്നതിനു ഏഴും അതിൽ കുറവും ദിവസം ശേഷിക്കെയാണ് വിസ പുതുക്കേണ്ടത്. വിസ കാലാവധി അവസാനിച്ചു മൂന്നു ദിവസത്തിലധികം പിന്നിടാൻ പാടില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. പുതിയ സേവനം മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് ആശ്വാസകരമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ