യുഎഇയില്‍ പാര്‍ട്ടി നടത്തിയയാള്‍ക്ക് 10000 ദിര്‍ഹം പിഴ; പങ്കെടുത്ത ഓരോരുത്തര്‍ക്കും പ്രത്യേകം പിഴ

By Web TeamFirst Published Sep 21, 2020, 11:16 PM IST
Highlights

നിയമലംഘനം നടത്തിയ സ്ത്രീയ്ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തിയതായി ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. 

ദുബൈ: ദുബൈയില്‍ കൊവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തി പാര്‍ട്ടി നടത്തിയ സ്‍ത്രീക്ക് പൊലീസ് 10,000 ദിര്‍ഹം പിഴ ചുമത്തി. ലൈവ് ബാന്‍ഡ് അടക്കമുള്ള സ്വകാര്യ ചടങ്ങാണ് ഇവര്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിക്കുകയോ മാസ്‍ക് അടക്കമുള്ള സുരക്ഷാ നടപടികള്‍ പാലിക്കുയോ ചെയ്‍തിരുന്നില്ല.

നിയമലംഘനം നടത്തിയ സ്ത്രീയ്ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തിയതായി ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. ആള്‍ക്കൂട്ടങ്ങളോ സംഗമങ്ങളോ പൊതു-സ്വകാര്യ ആഘോഷങ്ങളോ സംഘടിപ്പിക്കുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ ബാന്‍ഡ് അംഗങ്ങള്‍ക്കും ചടങ്ങില്‍ അതിഥികളായി പങ്കെടുത്ത ഓരോരുത്തര്‍ക്കും 5000 ദിര്‍ഹം വീതം പിഴ ചുമത്തിയതായും അറിയിച്ചു.

കൊവിഡ് നിയന്ത്രണം ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ആരെങ്കിലും ഇവ ലംഘിക്കുകയാണെങ്കില്‍ പൊലീസ് ഐ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ 901 എന്ന നമ്പറിലോ വിവരമറിയിക്കണമെന്നും ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു.

click me!