യുഎഇയില്‍ മൂന്ന് പേര്‍ മരിക്കാനിടയായ വാഹനാപകടത്തിന് കാരണം മദ്യപാനം; വീഡിയോ പുറത്തുവിട്ട് അധികൃതര്‍

By Web TeamFirst Published Sep 21, 2020, 10:18 PM IST
Highlights

അപകടമുണ്ടാക്കിയ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ശരീരത്തില്‍ നിന്നെടുത്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായി.

അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ മരണപ്പെട്ട വാഹനാപകടത്തിന് കാരണമായത് ഡ്രൈവറുടെ മദ്യപാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദ്യപിച്ച് ബോധമില്ലാതെ റോഡിന്റെ എതിര്‍ ദിശയിലൂടെയാണ് ഇയാള്‍ അതിവേഗത്തില്‍ വാഹനം ഓടിച്ചത്. തെറ്റായ ദിശയില്‍ നല്ല വേഗതയില്‍ മൂന്നോട്ട് നീങ്ങിയ വാഹനം റോഡിലുണ്ടായിരുന്ന മറ്റ് നിരവധി വാഹനങ്ങളില്‍ ഇടിക്കാതെ കഷ്‍ടിച്ച് രക്ഷപെടുകയായിരുന്നു.

അപകടമുണ്ടാക്കിയ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ശരീരത്തില്‍ നിന്നെടുത്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ അതിവേഗത്തില്‍ പാഞ്ഞ ഈ വാഹനത്തില്‍ നിന്ന് മദ്യവും കണ്ടെടുത്തിട്ടുണ്ട്. മരണപ്പെട്ട രണ്ട് പേര്‍ യുഎഇ പൗരന്മാരും ഒരാള്‍ കൊമൊറോസ് ദ്വീപ് സ്വദേശിയുമാണ്.

ഞായറാഴ്‍ച അര്‍ദ്ധരാത്രി 1.30നാണ് ഉമ്മുല്‍ഖുവൈനില്‍ വെച്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാരും ഒരു വാഹനത്തിലെ മുന്‍ സീറ്റിലിരുന്ന യാത്രക്കാരനുമാണ് മരിച്ചത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ 113, 116 എക്സിറ്റുകള്‍ക്ക് ഇടയിലായിരുന്നു അപകടം. കൊമൊറോസ് ദ്വീപ് സ്വദേശിയാണ് മദ്യ ലഹരിയില്‍ വാഹനം എതിര്‍ ദിശയിലേക്ക് ഓടിച്ചത്. ദുബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് പോവുകയായിരുന്ന വാഹനത്തിലാണ് ഇയാളുടെ കാര്‍ ചെന്നിടിച്ചത്. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്വദേശി യുവാക്കള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്‍തു. 
 

سائق "حادث أم القيوين" قاد مركبته تحت تأثير الكحول

UAQ collision motorist was driving under the influence
https://t.co/yqAxfVXcwW pic.twitter.com/X8SnttXi9x

— MOIUAE (@moiuae)
click me!