
മനാമ: ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ബഹ്റൈനില്‍ റസ്റ്റോറന്റിനെതിരെ നടപടി. അദ്‍ലിയയിലെ പ്രശസ്‍തമായ ഇന്ത്യന്‍ റസ്റ്റോറന്റാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പൂട്ടിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റി പറഞ്ഞു.
ഹിജാബ് ധരിച്ചെത്തിയ സ്‍ത്രീയെ റസ്റ്റോറന്റിലെ ഒരു ജീവനക്കാരനാണ് തടഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ഇതാണ് നടപടികള്‍ക്ക് വഴിവെച്ചത്. രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള നിബന്ധനകളും നയങ്ങളും നടപ്പാക്കാന്‍ ഒരു ടൂറിസം കേന്ദ്രവും ശ്രമിക്കരുതെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോരിറ്റി മുന്നറിയിപ്പ് നല്‍കി.
ജനങ്ങളെ വേര്‍തിരിച്ച് കാണുന്ന ഒരു നടപടിയും അംഗീകരിക്കില്ല. പ്രത്യേകിച്ചും അവരുടെ ദേശീയ അടയാളങ്ങളുടെ പേരിലുള്ള വിവേചനങ്ങള്‍ അംഗീകരിക്കാനാവില്ല. രാജ്യത്തെ റസ്റ്റോറന്റുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസം സ്ഥാപനങ്ങള്‍ക്കും ബാധകമായ 1986ലെ നിയമപ്രകാരമാണ് ഇത്തരം വിവേചനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
അതേസമയം സംഭവം വിവാദമാവുകയും അധികൃതര്‍ നടപടിയെടുക്കുകയും ചെയ്‍തതിന് പിന്നാലെ റസ്റ്റോറന്റ് മാനേജ്‍മെന്റ് ഖേദം പ്രകടിപ്പിച്ചു. തങ്ങളുടെ ഒരു ജീവനക്കാരന്റെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് സ്ഥാപനത്തിനെതിരായ രീതിയില്‍ മാറിയതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത ക്ഷമാപണത്തില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി മാനേജറെ സസ്‍പെന്റ് ചെയ്‍തിട്ടുണ്ട്. മനോഹരമായ ഈ രാജ്യത്ത് 33 വര്‍ഷമായി വിവിധ രാജ്യക്കാരായ ഉപഭോക്താക്കളെ സേവിക്കുന്ന സ്ഥാപനമാണെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും കുടുംബത്തേടൊപ്പം എത്തി സമയം ചെലവഴിക്കാനാവുന്ന സ്ഥലമാണ് തങ്ങളുടെ റസ്റ്റോറന്റെന്നും ഉടമകള്‍ പറഞ്ഞു.
എന്നാല്‍ ഹിജാബ് ധരിച്ച സ്‍ത്രീയെ തടഞ്ഞ സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോരിറ്റി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള എന്തെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ ദേശീയ പരാതി - നിര്‍ദേശ സംവിധാനമായ തവാസുല്‍ വഴിയോ അല്ലെങ്കില്‍ 17007003 എന്ന നമ്പറില്‍ വിളിച്ച് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെന്ററിനെയോ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam