
കോഴിക്കോട്: കഴിഞ്ഞയാഴ്‍ച ദുബൈയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗര്‍ റിഫ മെഹ്നുവിന്റെ (Rifa Mehnu) മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് റിഫ, തനിക്ക് അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്‍ദ സന്ദേശവും (Voice Message) പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ മറ്റൊരാള്‍ക്കെതിരായ ചില പരാമര്‍ശങ്ങളാണുള്ളത്. ഇത് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
റിഫയുടെ മരണത്തില്‍ സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോ കോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്‍റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല.
ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. തിങ്കളാഴ്ച രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്.
കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്. അതേസമയം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാലുശേരി പോലീസ് അറിയിച്ചു. ആല്‍ബം നടികൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ (Kuwait) കാറപകടത്തില്‍ (car accident) പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. പയ്യോളി സ്വദേശിയായ നെല്ല്യേരി മാണിക്കോത്ത് മാണിക്യം വീട്ടില്‍ ഷാഹിദാണ് (24) മരിച്ചത്.
പരിക്കുകളോടെ അല്‍ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഹിദ് ശനിയാഴ്ച രാത്രി 12 മണിക്കാണ് മരിച്ചത്. പിതാവ്: നിസാര്‍, മാതാവ്: സുബൈദ, സഹോദരങ്ങള്‍: ഷാറൂഖ്, നിദാന്‍, നീമ. മൃതദേഹം കുവൈത്തില്‍ ഖബറടക്കും.
കുവൈത്ത് സിറ്റി: കുവൈത്തിലെ (Kuwait) അര്‍ദിയയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട (murder) സംഭവത്തില്‍ ഇന്ത്യക്കാരന്‍ (Indian) അറസ്റ്റില്‍. കുവൈത്ത് പൗരന്‍ അഹ്മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ (18) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനകം പ്രതി പിടിയിലാകുകയായിരുന്നു. സുലൈബിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവസ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട ഖാലിദയുടെ സഹോദരനാണ് മൃതദേഹങ്ങള്‍ കണ്ടതും പൊലീസില്‍ വിവരമറിയിച്ചതും. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കൊലപാതകം ലക്ഷ്യമിട്ടാണ് പ്രതി ഇരകളുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മാറ്റി ധരിക്കാന്‍ വസ്ത്രവുമായാണ് ഇയാള്‍ വീട്ടിലെത്തിയത്. തിരിച്ചു പോയത് ഈ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പ്രതിക്ക് ഈ വീട്ടിലുള്ളവരെ മുന്‍പരിചയമുണ്ട്. ഇവിടെ നിന്ന് കൊണ്ടുപോയ സ്വര്‍ണം വിറ്റ ഇന്‍വോയ്‌സും 300 ദിനാറും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ഇയാള്‍ വീട്ടിലെ മുഴുവന്‍ സ്വര്‍ണവും എടുത്തിട്ടില്ല. മൃതദേഹങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടത് കൊണ്ടു തന്നെ കൊലപാതകത്തിന് കാരണം മോഷണം അല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam