
ദുബൈ: വിദേശ രാജ്യത്തു നിന്ന് സംശയകരമായ വസ്തുക്കളും കൊണ്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്‍ അറസ്റ്റിലായി. ലഹരി ഗുളികളും നിരോധിത മയക്കുമരുന്ന് ഉത്പന്നങ്ങളുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് വിശദ പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവാവ് പിടിയിലായത്. ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്നാണ് ഇയാള്‍ ദുബൈയില്‍ എത്തിയത് എന്നതല്ലാതെ പിടിയിലായ വ്യക്തിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടില്ല.
292 ലഹരി ഗുളികകളാണ് ഇയാള്‍ കൊണ്ടുവന്ന ലഗേജില്‍ ഒളിപ്പിച്ചിരുന്നതെന്ന് അറബി ദിനപ്പത്രമായ അല്‍ ബയാന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് ലഹരി സ്റ്റാമ്പുകളും ഏകദേശം 13.84 ഗ്രാം തൂക്കമുള്ള ലഹരി പൗഡറും ഇയാളുടെ ബാഗേജിലുണ്ടായിരുന്നു. ഇതിന് പുറമെ 7.38 ഗ്രാം കൊക്കെയ്ന്‍, 274.59 ഗ്രാം ക്രിസ്റ്റല്‍ മെത്താംഫിറ്റമീന്‍ എന്ന ലഹരി മരുന്ന് എന്നിവയും ഇയാള്‍ ദുബൈ വഴി കടത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
നിയമവിരുദ്ധമായ ലഹരി വസ്തുക്കളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കാന്‍ വലിയ പരിശ്രമമാണ് അധികൃതര്‍ നടത്തുന്നതെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഖാലിദ് അഹ്മദ് പറഞ്ഞു. കഴിവും വൈദഗ്ദ്യവുമുള്ള വിദഗ്ദ പരിശീലനം സിദ്ധിച്ച ഇന്‍സ്പെക്ടര്‍മാരും ഉദ്യോഗസ്ഥരുമാണ് ദുബൈ കസ്റ്റംസിനുള്ളത്. വിമാനത്താവളങ്ങളിലും മറ്റ് കസ്റ്റംസ് പോര്‍ട്ടുകളിലും അത്യാധുനിക ഉപകരണങ്ങളും മയക്കുമരുന്ന് കടത്ത് തടയാനായി കസ്റ്റംസ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടി പണം കൈമാറ്റം ചെയ്യുന്നതിനെതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. ലഹരി കടത്തിന് പണം നിക്ഷേപിക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യുന്ന ഏതൊരാളും കര്‍ശന ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റില്‍ കസ്റ്റംസ് മുന്നറിയിപ്പ് നല്‍കുന്നു. അര ലക്ഷം ദിര്‍ഹം വരെ പിഴയും തടവുമാണ് ശിക്ഷ. ലഹരി ഉപയോഗത്തിന് വേണ്ടിയോ അല്ലെങ്കില്‍ ലഹരി ഉത്പന്നങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയോ വ്യക്തിപരമായോ അല്ലെങ്കില്‍ മറ്റുള്ളവര്‍ വഴിയോ പണമിടപാടുകള്‍ നടത്തുന്നത് ഇതിന്റെ പരിധിയില്‍ വരുമെന്നും മുന്നറിയിപ്പ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam