പ്രവാസി ബാച്ചിലര്‍മാരുടെ താമസം സംബന്ധിച്ച് പുതിയ നിയമം വരുന്നു; കര്‍ശന വ്യവസ്ഥകളില്‍ ഇളവ് ഒരു ജോലിയില്‍ മാത്രം
പ്രവാസി ബാച്ചിലര്‍മാര്‍ പ്രൈവറ്റ് ഹൗസിങ് ഏരിയകളിലും കുടുംബങ്ങള്‍ക്കായി പ്രത്യേകം നിജപ്പെടുത്തിയ പ്രദേശങ്ങളിലും താമസിക്കുന്നതിന് പൂര്‍ണ നിരോധനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകളാണ് പുതിയതായി കൊണ്ടുവരുന്ന നിയമത്തിലുള്ളത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസ സ്ഥലങ്ങള്‍ സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുന്നു. രാജ്യത്തെ പ്രത്യേക താമസ മേഖലകളില്‍ നിന്ന് ബാച്ചിലര്‍മാരെ പൂര്‍ണമായി ഒഴിവാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള നിയമത്തിന്റെ കരട് കുവൈത്ത് മുനിസിപ്പില്‍കാര്യ മന്ത്രിയും കമ്മ്യൂണിക്കേഷന്‍സ് അഫയേഴ്സ് സഹമന്ത്രിയുമായ ഫഹദ് അല്‍ ശൗല മന്ത്രിസഭയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു.
ഫത്വ - നിയമ നിര്‍മാണ വകുപ്പില്‍ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷമാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് രാജ്യത്തെ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്തിലെ കുടുംബ താമസ മേഖലകളിലും പ്രൈവറ്റ് ഹൗസിങ് ഏരിയകളിലും പ്രവാസി ബാച്ചിലര്‍മാര്‍ വീടുകളോ വീടുകളുടെ ഭാഗമോ വാടകയ്ക്ക് എടുത്ത് താമസിക്കുന്നത് വിലക്കുന്ന വകുപ്പുകള്‍ പുതിയതായി അവതരിപ്പിച്ച നിയമത്തിലുണ്ട്. പ്രവാസി ബാച്ചിലര്‍മാര്‍ ഈ മേഖലകളില്‍ താമസിക്കുന്നതിന് സമ്പൂര്‍ണ നിരോധനം കൊണ്ടുവരും. ഇതിന് പുറമെ ഈ നിരോധനത്തിന്റെ പരിധിയില്‍ വരാത്ത വിദേശികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന ഉടമകള്‍ വാടക കരാറിന്റെ പകര്‍പ്പ് മുനിസിപ്പാലിറ്റിക്ക് സമര്‍പ്പിക്കുകയും പ്രാദേശിക മേയറുടെ അംഗീകാരം വാങ്ങുകയും ചെയ്യണം. ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉണ്ടാക്കിയ കരാറുകള്‍ക്കും ധാരണകള്‍ക്കും നിയമ സാധുതയുണ്ടാവുകയില്ല.
Read also: രാജ്യത്തിന് പുറത്തെ ആദ്യത്തേത്; ദുബായിൽ സിബിഎസ്ഇയുടെ പ്രാദേശിക ഓഫീസ് തുറക്കും
കുടുംബങ്ങള്‍ക്ക് താമസിക്കാനായി നിജപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും പ്രൈവറ്റ് ഹൗസിങ് ഏരിയകളിലും വാടകയ്ക്കോ അല്ലാതെയോ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് സിവില്‍ കാര്‍ഡ് അനുവദിക്കില്ലെന്നും നിയമത്തില്‍ പറയുന്നു. വീട്ടുടമസ്ഥന്റെ അടുത്ത ബന്ധുക്കളായ വിദേശികള്‍ക്ക് ഇതില്‍ ഇളവ് ലഭിക്കും. അവര്‍ ഇക്കാര്യം തെളിയിക്കണം. ഇതിന് പുറമെ ഗാര്‍ഗിക തൊഴിലാളികളായ പ്രവാസികള്‍ക്കും ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കുമെന്ന് കരട് നിയമം വിശദീകരിക്കുന്നതായി അല്‍ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രവാസി ബാച്ചിലര്‍മാരുടെ താമസ വ്യവസ്ഥകള്‍ ലംഘിച്ച് കുടുംബങ്ങള്‍ക്കുള്ള പ്രത്യേക പ്രദേശങ്ങളിലും പ്രൈവറ്റ് ഹൗസിങ് ഏരിയകളിലും താമസിക്കുന്നവര്‍ക്ക് ബാധകമായ ശിക്ഷകളും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ആയിരം കുവൈത്തി ദിനാര്‍ മുതല്‍ പരമാവധി പതിനായിരം കുവൈത്തി ദിനാര്‍ വരെയാണ് (ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 2.69 ലക്ഷം മുതല്‍ 26.95 ലക്ഷം വരെ) പിഴ. നിയമ വിരുദ്ധമായി വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും ഇവര്‍ക്ക് വാടകയ്ക്ക് വീടുകളോ വീടുകളുടെ ഭാഗങ്ങളോ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ക്കുമെല്ലാം ഈ ശിക്ഷാ നടപടികള്‍ ബാധകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...