കൊവിഡില്‍ വലഞ്ഞ് പ്രവാസികള്‍; സൗദിയില്‍ മൂന്നുമാസത്തിനിടെ തൊഴില്‍ നഷ്ടമായത് മൂന്ന് ലക്ഷത്തോളം പേര്‍ക്ക്

By Web TeamFirst Published Oct 2, 2020, 11:29 AM IST
Highlights

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും വര്‍ധിച്ചു. ഒന്നാം പാദത്തില്‍ 11.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായി ഉയര്‍ന്നു.

റിയാദ്: 2020ന്റെ രണ്ടാം പാദത്തില്‍ കൊവിഡ് പ്രതിസന്ധി മൂലം സൗദി അറേബ്യയില്‍ ഏകദേശം മൂന്നു ലക്ഷത്തോളം പ്രവാസികള്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം സ്വദേശികള്‍ക്കും ജോലി നഷ്ടമായതായി പ്രാദേശിക ദിനപ്പത്രം 'ഒക്കാസ്' റിപ്പോര്‍ട്ട് ചെയ്തു. 

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ(ഗസ്റ്റാറ്റ്) ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസത്തെ കണക്കിനെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. മൂന്നു മാസത്തിനിടെ ആകെ നാലുലക്ഷം പേര്‍ക്കാണ് തൊഴില്‍ ഇല്ലാതായത്. ഇതില്‍ 284,000 വിദേശികളും 116,000 സ്വദേശികളും ഉള്‍പ്പെടും. വിവിധ കാരണങ്ങള്‍ കൊണ്ട് 60,000 വിദേശികളും 53,000 സ്വദേശികളും രാജിവെച്ചു. 36,000 പേരുടെ തൊഴില്‍ കരാര്‍ അവസാനിച്ചു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും വര്‍ധിച്ചു. ഒന്നാം പാദത്തില്‍ 11.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവില്‍ രാജ്യത്തെ ആകെ തൊഴിലാളികളുടെ എണ്ണത്തില്‍ 0.03 ശതമാനം കുറവ് രേഖപ്പെടുത്തി.  ഈ വര്‍ഷം ആദ്യ പാദത്തില്‍ 13.635 ദശലക്ഷം തൊഴിലാളികളുണ്ടായിരുന്നത് 13.63 ദശലക്ഷമായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 

click me!