സൗദിയിൽ ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി. ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി നല്‍കേണ്ടതില്ല.

റിയാദ്: സൗദിയിൽ പ്രവാസികളായ ഫാക്ടറി തൊഴിലാളികൾക്കും തൊഴിൽ ദായകർക്കും ആശ്വാസം. ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശതൊഴിലാളികൾക്കുള്ള പ്രതിമാസ ലെവി റദ്ദാക്കും. സൗദി മന്ത്രിസഭായോഗത്തിേൻറതാണ് തീരുമാനം. ബുധനാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം. ലെവി പിന്‍വലിക്കുന്നതോടെ സ്ഥാപനങ്ങളുടെ ചെലവ് ഗണ്യമായി കുറയും.

ഇതുപ്രകാരം ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി നല്‍കേണ്ടതില്ല. 9700 റിയാല്‍ ആയിരുന്നു ഒരു തൊഴിലാളിക്ക് ഒരു വര്‍ഷം നല്‍കേണ്ട പരമാവധി ലെവി. ഇതാണ് ഇനി മുതൽ ഇല്ലാതാകുക. നേരത്തെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം നല്‍കിയിരുന്നെങ്കിലും സ്ഥിരമായി പിന്‍വലിച്ചിരുന്നില്ല. ഇനി ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി തീരെ നല്‍കേണ്ടതില്ല.