ദേശീയ അണുനശീകരണ പദ്ധതി ലക്ഷ്യം കൈവരിച്ചുവെന്ന് അബുദാബി അധികൃതര്‍

By Web TeamFirst Published Aug 20, 2021, 3:36 PM IST
Highlights

അതേസമയം അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും ഇന്നു മുതല്‍ മാറ്റം വരുത്തിയിട്ടുണ്ട്. വാക്സിനെടുത്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായാണ് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി പുതിയ നിബന്ധനകള്‍ കൊണ്ടുവന്നത്. 

അബുദാബി: അബുദാബിയില്‍ നടന്നുവന്നിരുന്ന ദേശീയ അണുനശീകരണ പദ്ധതി അതിന്റെ ലക്ഷ്യങ്ങൾ കൈവരിച്ചതായി എമർജൻസി, ക്രൈസിസ് ആന്റ് ഡിസാസ്റ്റർ കമ്മിറ്റി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് അണുനശീകരണ പദ്ധതി സമാപിച്ചത്. പൊതുജനങ്ങളുടെ സഹകരണത്തിന് നന്ദി അറിയിച്ച അധികൃതര്‍ പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും ഇന്നു മുതല്‍ മാറ്റം വരുത്തിയിട്ടുണ്ട്. വാക്സിനെടുത്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായാണ് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി പുതിയ നിബന്ധനകള്‍ കൊണ്ടുവന്നത്. 

വാക്സിനെടുത്തവര്‍ക്കും കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്തവര്‍ക്കും ഗ്രീന്‍ പാസും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍  E അല്ലെങ്കില്‍ സ്റ്റാര്‍ സ്റ്റാറ്റസും ഉണ്ടെങ്കില്‍ അബുദാബിയില്‍ പ്രവേശിക്കാം. പിസിആര്‍ പരിശോധന നടത്തിയ ശേഷം ലഭിക്കുന്ന  E അല്ലെങ്കില്‍ സ്റ്റാര്‍ സ്റ്റാറ്റസിന് ഏഴ് ദിവസത്തെ കാലാവധിയുണ്ടാകും. വാക്സിനെടുത്തവര്‍ അബുദാബിയില്‍ പ്രവേശിച്ച ശേഷം പിന്നീട് പി.സി.ആര്‍ പരിശോധന ആവര്‍ത്തിക്കേണ്ടതില്ല. 

അതേസമയം വിദേശത്ത് നിന്ന് വരുന്നവര്‍ മറ്റ് യാത്രാ നിബന്ധനകള്‍ പാലിക്കണം.  മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്ന വാക്സിനെടുക്കാത്ത യാത്രക്കാരുടെ പ്രവേശന നിബന്ധനകള്‍ ഇപ്പോഴുള്ളത് പോലെ തുടരും. 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനയും 24 മണിക്കൂറിനിടെയുള്ള ലേസര്‍ ഡി.പി.ഐ പരിശോധനയുമാണ് വാക്സിനെടുക്കാത്തവര്‍ക്ക് ആവശ്യം. പിന്നീട് അബുദാബിയില്‍ തുടരുന്നതിനനുസരിച്ച് നിശ്ചിത ദിവസങ്ങളില്‍ പി.സി.ആര്‍ പരിശോധനകള്‍ ആവര്‍ത്തിക്കുകയും വേണം.

click me!