
അബുദാബി: അബുദാബിയിലെ സ്‍കൂളുകളില്‍ (Abu dhabi Schools) ഒരാഴ്‍ച കൂടി ഓണ്‍ലൈന്‍ പഠനം തുടരാന്‍ (Remote learning) എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി (Abu Dhabi Emergency, Crisis and Disasters Committee) നിര്‍ദേശിച്ചു. രാജ്യത്തെ എല്ലാ പൊതു - സ്വകാര്യ സ്‍കൂളുകള്‍ക്കും ഇത് ബാധകമാണ്. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 21 വരെ എമിറേറ്റില്‍ ഓണ്‍ലൈന്‍ പഠനം തുടരും.
ജനുവരി മൂന്നിന് പുതിയ സ്‍കൂള്‍ ടേം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ആദ്യം രണ്ടാഴ്‍ചയിലേക്ക് ഓണ്‍ലൈന്‍ പഠനം മതിയെന്ന തീരുമാനം അബുദാബി അധികൃതര്‍ കൈക്കൊണ്ടത്. ജനുവരി 17 വരെയാണ് ആദ്യം ഓണ്‍ലൈന്‍ അധ്യയനം നിശ്ചയിച്ചിരുന്നതെങ്കിലും പുതിയ സാഹചര്യത്തില്‍ ജനുവരി 21 വരെ നീട്ടിയിട്ടുണ്ട്. എമിറേറ്റിലെ പൊതു - സ്വകാര്യ സ്‍കൂളുകള്‍ക്ക് പുറമെ യൂണിവേഴ്‍സിറ്റികള്‍, കോളേജുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളിലൊക്കെ പുതിയ തീരുമാനം ബാധകമായിരിക്കും.
പുതിയ സാഹചര്യത്തില്‍ സ്‍കൂളുകളിലേക്ക് കുട്ടികളുടെ മടക്കം സുരക്ഷിതമാക്കാനായി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താനായാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഒപ്പം ജനുവരി 28 വരെ സ്‍കൂളുകളില്‍ നേരിട്ട് ഹാജരാകേണ്ടി വരുന്ന എല്ലാ പരീക്ഷകളും ടെസ്റ്റുകളും മാറ്റിവെയ്‍ക്കാനും എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതത് സമയങ്ങളിലെ രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് തുടര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.
രാജ്യത്ത് കഴിഞ്ഞ ദിവസം 2,616 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ചികിത്സയിലായിരുന്ന 982 പേര്‍ രോഗമുക്തരായപ്പോള്‍ നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,93,314 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,55,670 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,181 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 35,463 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam