
അബുദാബി: യുഎഇയിലെ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേടുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ കമ്പനിയെന്ന് വിസ് എയര്‍ അബുദാബി മാനേജിങ് ഡയറക്ടര്‍ ജോണ്‍ എയ്‍ദഗെന്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ആ വിപണിയുടെ ഭാഗമാവാന്‍ തങ്ങളും ആഗ്രഹിക്കുന്നു. നിലവില്‍ ഇതിന് ആവശ്യമായ അനുമതികള്‍ നേടുന്ന ഘട്ടത്തിലാണ്. അത് പൂര്‍ത്തിയായാല്‍ റൂട്ടുകള്‍ പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ വിസ് എയര്‍ അബുദാബി ശ്രമം തുടങ്ങിയതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ പരിമിതമായ റൂട്ടുകളിലേക്ക് മാത്രം സര്‍വീസ് നടത്തുന്ന വിസ് എയര്‍ അബുദാബി ഈ വര്‍ഷം വലിയ തോതിലുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ചെലവ് കുറഞ്ഞ യാത്രകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുള്ള വിപണികളാണ് തങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് വിസ് എയര്‍ മാനജിങ് ഡയറക്ടര്‍ പറയുന്നു.
ഇന്ത്യ കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണികളിലൊന്നാണ്. കുറേയേറെ നല്ല എതിരാളികള്‍ അവിടെ ഇപ്പോള്‍ തന്നെയുണ്ട്. എന്നാല്‍ വിസ് എയറിനെ സംബന്ധിച്ചിടത്തോളം ഇനിയും അതിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇവിടെ നിലനില്‍ക്കുന്നു. കമ്പനിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വളര്‍ച്ചയുടെ വലിയൊരു ഭാഗം അവിടെയാക്കി മാറ്റാനാവുമെന്നും അദ്ദേഹം ഒരു യുഎഇ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
അബുദാബി സര്‍ക്കാറിന്റെ സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനി, പുതിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതിന് പുറമെ പ്രധാന നഗരങ്ങളിലേക്കെല്ലാം ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് തുടങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇന്ത്യയിലെ വലിയ നഗരങ്ങളായിരിക്കുമോ സര്‍വീസ് തുടങ്ങാന്‍ തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് നിലവില്‍ സര്‍വീസുകള്‍ കുറവുള്ള എല്ലാ നഗരങ്ങളും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അബുദാബിയില്‍ നിന്നും യുഎഇയില്‍ നിന്നും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെയുള്ള സമയം കൊണ്ട് പറന്നെത്താവുന്ന നഗരങ്ങളിലേക്ക് വ്യാപകമായി കുറഞ്ഞ ടിക്കറ്റിലുള്ള സര്‍വീസുകള്‍ നടത്താനാണ് വിസ് എയര്‍ അബുദാബി ലക്ഷ്യമിടുന്നത്.
179 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ വിറ്റ് ശ്രദ്ധ നേടിയ കമ്പനി കൂടിയാണ് വിസ് എയര്‍ അബുദാബി. ഇത്തരത്തില്‍ വമ്പന്‍ ഡിസ്‍കൗണ്ടുകള്‍ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ള സര്‍വീസുകളിലും കൊണ്ടുവരുമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. വലിയ ഡിസ്‍കൗണ്ടുകള്‍ വേണ്ടവര്‍ക്ക് പ്രത്യേക ഡിസ്‍കൗണ്ട് ക്ലബ്ബുമുണ്ട്. 179 ദിര്‍ഹത്തിനും അതിലും കുറഞ്ഞ നിരക്കിലുമൊക്കെ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നും നിശ്ചിത എണ്ണം സീറ്റുകള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കായി മാറ്റിവെയ്ക്കുമെന്നും കമ്പനി പറയുന്നു. എന്നാല്‍ വിവിധ സീറ്റുകളില്‍ വിവിധ തരത്തിലുള്ള നിരക്ക് തന്നെയായിരിക്കും ഈടാക്കുക. അവസാന നിമിഷം വരെ ടിക്കറ്റെടുക്കാന്‍ കാത്തിരിക്കാതെ രണ്ടോ മൂന്നോ മാസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് വന്‍ നേട്ടം കൊയ്യാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ