
അബുദാബി: ഒരുമിച്ചു കളിച്ചു വളർന്ന സഹോദരങ്ങളായ ആ നാല് കുട്ടികൾക്ക് ഇനി ദുബായിൽ അന്ത്യ വിശ്രമം. അബുദാബിയിൽ ഇന്നലെ അപകടത്തിൽപ്പെട്ട മലയാളി കുടുംബത്തിലെ നാലാമത്തെ കുട്ടിയും മരിച്ചു. ഏഴു വയസ്സുകാരനായ അസ്സാം അബ്ദുൽ ലത്തീഫാണ് മരിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. നാലു കുട്ടികളുടെയും ഖബറടക്കം നാളെ ദുബായിൽ നടക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
ഏഴ് വയസ്സുകാരൻ അസ്സാം അബ്ദുൽ ലത്തീഫിന്റെ മസ്തിഷ്ക മരണം നേരത്തെ സംശയിച്ചതായിരുന്നു. ഔദ്യോഗിക ചട്ടങ്ങൾ പാലിച്ച് സ്ഥിരീകരണം ഉണ്ടായത് ഇന്നാണ്. ഇതോടെ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന സഹോദരങ്ങളായ മറ്റ് മൂന്ന് കുട്ടികളുടെ സംസ്കാര ചടങ്ങുകൾ മാറ്റിവെക്കുകയായിരുന്നു. ഒന്നിച്ച് നാളെയായിരിക്കും നാലു പേരുടെയും ഖബറടക്കം നടക്കുക എന്നാണ് വിവരം. ഒന്നിച്ച് ഉല്ലസിച്ചു വളർന്നവർക്ക് ഒന്നിച്ച് അന്ത്യവിശ്രമം. അതേസമയം, മരിച്ച വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഉപ്പ അബ്ദുൽ ലത്തീഫും ഉമ്മ റുക്സാനയും സഹോദരിയും ചികിത്സയിലാണ്. ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടമാണ് കുടുംബത്തെ കീഴ്മേൽ മറിച്ചത്. മറ്റൊരു അപകടത്തിൽ ജിദ്ദയിൽ മരിച്ച ജലീലിന്റെയും കുടുംബാംഗങ്ങളായ മറ്റ് മൂന്നു പേരുടെയും ഖബറടക്കം സൗദിയിൽ തന്നെയായിരിക്കും. ട്രാഫിക് വകുപ്പ് നടപടികൾ പൂർത്തിയായ ശേഷമാകും ഇതെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam