
അബുദാബി: അബുദാബിയിലെ അബൂമുറൈഖയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മ്മാണം ഏപ്രിലില്‍ പൂര്‍ത്തിയാകും. പൂര്‍ണമായും ഇന്ത്യയില്‍ കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ ശിലകള്‍ അബുദാബിയില്‍ എത്തിച്ച് ബന്ധിപ്പിക്കും. ശില്‍പ്പങ്ങള്‍ സ്ഥാപിക്കുന്ന ജോലികള്‍ മേയില്‍ ആരംഭിക്കും.
അടിത്തറ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് അബുദാബി ബാപ്‌സ് ഹിന്ദുമന്ദിര്‍ പ്രൊജക്ട് എഞ്ചിനീയര്‍ അശോക് കൊണ്ടെറ്റി പറഞ്ഞു. തറയില്‍ നിന്ന് 4.5 മീറ്റര്‍ ഉയരത്തിലാണ് അടിത്തറ നിര്‍മ്മിക്കുന്നത്. രണ്ട് ഭൂഗര്‍ഭ അറകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന തരത്തില്‍ ഏഴ് കൂറ്റന്‍ ഗോപുരങ്ങളും ക്ഷേത്രത്തിലുണ്ടാകും. ഇന്ത്യയുടെയും അറബ് രാജ്യങ്ങളുടെയും പൈതൃകം പ്രതിഫലിക്കുന്ന രീതിയിലാണ് നിര്‍മ്മാണം.
4500 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് തറ രൂപപ്പെടുത്തിയത്. അടിത്തറ ബലപ്പെടുത്താന്‍ 3,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചിട്ടുണ്ട്. 707 ചതുരശ്ര മീറ്ററിലായി ശിലകളില്‍ പുരാണ കഥകളുടെ ശില്‍പാവിഷ്‌കാരം നടത്തും. 12,550 ടണ്‍ റെഡ് സ്റ്റോണും 5,000 ടണ്‍ ഇറ്റാലിയന്‍ മാര്‍ബിളുകളും നിര്‍മ്മാണത്തിന് ഉപയോഗിക്കും. രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 2,000 ശില്‍പ്പികളാണ് കൊത്തുപണികള്‍ നടത്തുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ചത്. 2023ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam