അബുദാബിയില്‍ സിനിമാ തീയറ്ററുകള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി

By Web TeamFirst Published Aug 17, 2020, 1:47 PM IST
Highlights

തീയറ്ററുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ ജീവനക്കാരും കൊവിഡ് പരിശോധന നടത്തിയിരിക്കണം. പ്രക്ഷകര്‍ തമ്മിലുള്ള സാമൂഹിക അകലത്തിന് പുറമെ മാസ്‍ക് ധരിക്കുന്നതടക്കമുള്ള മറ്റ് മുന്‍കരുതലുകളും സ്വീകരിക്കണം. 

അബുദാബി: ഷോപ്പിങ് മാളുകളിലെ സിനിമാ തീയ്യറ്ററുകള്‍ പ്രത്യേക സുരക്ഷാ മുന്‍കരുതലുകളോടെ തുറക്കും. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തിങ്കളാഴ്ച അബുദാബി മീഡിയാ ഓഫീസ് പുറത്തുവിട്ടു. തീയറ്ററുകളുടെ ആകെ ശേഷിയുടെ 30 ശതമാനം പ്രേക്ഷകരെ മാത്രമേ അനുവദിക്കുയുള്ളൂ.

തീയറ്ററുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ ജീവനക്കാരും കൊവിഡ് പരിശോധന നടത്തിയിരിക്കണം. പ്രക്ഷകര്‍ തമ്മിലുള്ള സാമൂഹിക അകലത്തിന് പുറമെ മാസ്‍ക് ധരിക്കുന്നതടക്കമുള്ള മറ്റ് മുന്‍കരുതലുകളും സ്വീകരിക്കണം. ഒരാള്‍ക്ക് അനുവദിക്കുന്ന സീറ്റിന്റെ മുന്നിലും പിന്നിലും വശങ്ങളിലുമുള്ള മറ്റ് സീറ്റുകള്‍ ഒഴിച്ചിടണം. എന്നാല്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കാം.

ഉപയോഗിച്ച സീറ്റുകളെല്ലാം ഓരോ പ്രദര്‍ശനത്തിനും ശേഷം അണുവിമുക്തമാക്കണം. അടുത്തടുത്തുള്ള രണ്ട് പ്രദര്‍ശനങ്ങള്‍ക്കിടയില്‍ 20 മിനിറ്റുകളെങ്കിലും സീറ്റുകള്‍ ഇതിനായി ഒഴിച്ചിടണം. പ്രവൃത്തി സമയം കഴിഞ്ഞ ശേഷം തീയറ്റര്‍ മുഴുവനായി അണുവിമുക്തമാക്കണം. ടിക്കറ്റുകളോ മറ്റോ ലഘുലേഖകളോ നല്‍കാന്‍ പാടില്ല. ടച്ച് സ്ക്രീനുകള്‍ മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

click me!