എടിഎം കാര്‍ഡ് ബ്ലോക്കായെന്ന് മെസേജ് കിട്ടിയോ? മുന്നറിയിപ്പുമായി യുഎഇ പൊലീസ്

By Web TeamFirst Published Sep 28, 2019, 3:49 PM IST
Highlights

രഹസ്യ വിവരങ്ങളോ അക്കൗണ്ട് വിശദാംശങ്ങളോ ഫോണ്‍ വഴി ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.

അബുദാബി: ബാക്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കാന്‍ പുതിയ തരം തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. ഫോണിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ രഹസ്യ സ്വഭാവത്തിലുള്ള ഒരു വിവരങ്ങളും കൈമാറരുതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അബുദാബി പൊലീസ് അറിയിച്ചു. അജ്ഞാതമായ ഫോണ്‍ നമ്പറുകളില്‍ നിന്ന് ബന്ധപ്പെടുന്നവരെ പ്രത്യേകം സൂക്ഷിക്കണം. രഹസ്യ വിവരങ്ങളോ അക്കൗണ്ട് വിശദാംശങ്ങളോ ഫോണ്‍ വഴി ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

എടിഎം കാര്‍‍ഡ് ബ്ലോക്ക് ചെയ്തുവെന്നും അക്കൗണ്ട് താല്‍കാലികമായി പ്രവര്‍ത്തനരഹിതമായെന്നുമൊക്കെ അറിയിച്ചുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ അയച്ചുള്ള തട്ടിപ്പകള്‍ യുഎഇയില്‍ വ്യപകമായിട്ടുണ്ട്. അക്കൗണ്ടില്‍ നിന്നുള്ള പണം ട്രാന്‍സ്ഫര്‍ ചെയ്യാനോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടാനോ ആണ് തട്ടിപ്പുകാരുടെ ശ്രമം. ഇത്തരത്തിലുള്ള ചില സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും പ്രചരിക്കുന്നുണ്ട്. ബ്ലോക്കായ കാര്‍ഡോ അക്കൗണ്ടോ വീണ്ടും ഉപയോഗിക്കാന്‍ പ്രത്യേക നമ്പറില്‍ വിളിച്ച് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണമെന്നാണ് മെസേജുകളിലെ ഉള്ളടക്കം. ഇത്തരം തട്ടിപ്പുകളില്‍ വീണുപോകരുതെന്ന് പൊലീസ് അറിയിച്ചു.

click me!