Latest Videos

സ്കൂള്‍ ബസ് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് സാന്ത്വനവുമായി അബുദാബി പൊലീസ്

By Web TeamFirst Published Jun 28, 2019, 9:30 AM IST
Highlights

വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍ കഴിയുന്ന ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അബുദാബി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയത്. 

അബുദാബി: കഴിഞ്ഞ ദിവസമുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി അബുദാബി പൊലീസ് സംഘം ആശുപത്രിയിലെത്തി. അബുദാബിയില്‍ രണ്ട് സ്കൂള്‍ ബസുകള്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍ കഴിയുന്ന ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അബുദാബി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയത്. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സുഹൈല്‍ അല്‍ ഖലീല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്‍മദ് അല്‍ ഷെഹി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം കുട്ടികളെ സാന്ത്വനിപ്പിക്കാനെത്തിയത്. അപകടങ്ങളുണ്ടായതില്‍ ഖേദം പ്രകടിപ്പിച്ച ഉന്നത ഉദ്യോഗസഥര്‍, പൊലീസും ആംബുലന്‍സ് സംഘവും നടത്തിയ രക്ഷാപ്രവര്‍ത്തനത്തെയും പ്രശംസിച്ചു.

ബുധനാഴ്ച അല്‍ റീം ഐലന്റില്‍ യൂണിയന്‍ ബാങ്കിന് സമീപം സ്കൂള്‍ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ആറ് കുട്ടികള്‍ക്ക് പരിക്കേറ്റത്. വിദേശയായ ഒരു വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഒരു പുരുഷനും സ്ത്രീക്കും കൂടി സംഭവത്തില്‍ പരിക്കേറ്റു. അല്‍ റഹ ബീച്ചിന് സമീപമുണ്ടായ രണ്ടാമത്തെ അപകടത്തില്‍ മൂന്ന് സ്വദേശി വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. 

click me!