സൗദി തലസ്ഥാനമായ റിയാദിനടുത്തുള്ള അൽ ഖർജ് ലക്ഷ്യമിട്ടെത്തിയ മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തകർത്തു. റാസ് തനൂറ റിഫൈനറിക്ക് നേരെയുണ്ടായ മറ്റൊരു ആക്രമണ ശ്രമവും പരാജയപ്പെടുത്തി. 

റിയാദ്: സൗദി തലസ്ഥാന നഗരത്തിനോട് ചേർന്നുള്ള അൽ ഖർജ് പട്ടണത്തെ ഇന്ന് (വ്യാഴം) ലക്ഷ്യമിട്ടെത്തിയ മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും വിജയകരമായി തകർത്തെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. അൽ ഖർജ് പട്ടണത്തിന് പുറത്തുവെച്ചാണ് മൂന്ന് ക്രൂയിസ് മിസൈലുകൾ തകർത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിന് പിന്നാലെ അൽ ഖർജ് ഗവർണറേറ്റിെൻറ കിഴക്കൻ മേഖലയിൽ വെച്ച് വ്യോമ പ്രതിരോധ സേന മൂന്ന് ഡ്രോണുകളും വെടിവെച്ചിട്ടു. കൂടാതെ, വടക്കൻ അതിർത്തിയിലെ അൽ ജൗഫ് മേഖലയുടെ കിഴക്ക് ഭാഗത്ത് വെച്ച് മറ്റൊരു ഡ്രോണും തകർത്തതായി മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം റാസ് തനൂറ റിഫൈനറിക്ക് നേരെയും ഡ്രോൺ ആക്രമണ ശ്രമം നടന്നതായി പ്രതിരോധ മന്ത്രാലയം സൂചിപ്പിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ഈ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റാസ് തനൂറ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണ ശ്രമം ഊർജ്ജ വിതരണത്തെയോ പ്രവർത്തനത്തെയോ ബാധിച്ചിട്ടില്ലെന്ന് ഊർജ്ജ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഇത്തരം ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.