സുരക്ഷയുടെ അബുദാബി മോഡൽ, തുടർച്ചയായ പത്താം വർഷവും ഒന്നാമതെത്തി യുഎഇ തലസ്ഥാനം

Published : Jan 18, 2026, 05:38 PM IST
abu dhabi

Synopsis

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന സ്ഥാനം പത്താം തവണയും നിലനിർത്തി അബുദാബി. 2017 മുതൽ തുടരുന്ന ഈ നേട്ടം ഇത്തവണയും അബുദാബിക്ക് സ്വന്തം. 'നംബിയോ' പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗിലാണ് അബുദാബി ഒന്നാം സ്ഥാനം നിലനിർത്തിയത്. 

അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന റെക്കോർഡ് നേട്ടം പത്താം വർഷവും സ്വന്തമാക്കി യുഎഇ തലസ്ഥാനമായ അബുദാബി. സുരക്ഷ, ജീവിത നിലവാരം, ജീവിതച്ചെലവ് എന്നിവ അടിസ്ഥാനമാക്കിയുള്ള ആഗോള സ്ഥിതിവിവരക്കണക്ക് പ്ലാറ്റ്‌ഫോമായ 'നംബിയോ' പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗിലാണ് 2017 മുതൽ തുടരുന്ന ഈ നേട്ടം അബുദാബി നിലനിർത്തിയത്.

ശനിയാഴ്ചയാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ലോകത്തെ 382 നഗരങ്ങളെ പിന്നിലാക്കിയാണ് അബുദാബി ഒന്നാമതെത്തിയത്. അത്യാധുനിക സാങ്കേതികവിദ്യയും കഠിനാധ്വാനവും ചേർന്നുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്ന് അബുദാബി പൊലീസ് മേധാവി മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈത്തൂൻ അൽ മുഹൈരി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് സിസ്റ്റങ്ങൾ, 24 മണിക്കൂറും നീളുന്ന നിരീക്ഷണം എന്നിവ സുരക്ഷാ വിഭാഗത്തെ കൂടുതൽ ശക്തമാക്കുന്നു.

പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ശക്തമായ സഹകരണവും ബോധവൽക്കരണ പരിപാടികളും ഈ സുസ്ഥിരമായ സുരക്ഷയ്ക്ക് അടിത്തറ പാകുന്നു. ഉയർന്ന ജീവിതനിലവാരവും സുരക്ഷിതത്വവും കാരണം യുഎഇയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ട്. 'എക്സ്പാറ്റ് ഇൻസൈഡർ 2025' സർവേ പ്രകാരം അഞ്ചിൽ ഒരാൾ എന്ന തോതിൽ (19%) പ്രവാസികൾ യുഎഇയിൽ സ്ഥിരമായി കഴിയാൻ താല്പര്യപ്പെടുന്നു.

സുരക്ഷയെന്നത് വെറുമൊരു ക്രമീകരണം മാത്രമല്ല, മറിച്ച് സുസ്ഥിര വികസനത്തിന്‍റെ പ്രധാന ഘടകമാണെന്ന് അബുദാബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ പറഞ്ഞു. ഈ സുരക്ഷിത അന്തരീക്ഷം അബുദാബിയെ ജീവിക്കാനും ജോലിയെടുക്കാനും നിക്ഷേപം നടത്താനും ലോകത്തെ ഏറ്റവും മികച്ച ഇടമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിലാണ് ഈ ചരിത്രപരമായ നേട്ടം കൈവരിക്കാനായതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിൽ സ്കൂട്ടർ ഓടിച്ചുള്ള പരിചയം, ഇപ്പോൾ ബസും ട്രക്കും വരെ വഴങ്ങും! ദുബൈയിലെ എല്ലാ ലൈസൻസുകളും സുജയ്ക്ക് സ്വന്തം
പ്രവാസികള്‍ക്ക് ആവേശമായി ഹബീബ് നെക്സയുടെ ക്രിസ്മസ് - പുതുവർഷ ആഘോഷം